Skip to main content

ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

 

 

 

മന്ത്രി ജി സുധാകരൻ കെട്ടിടം ഉദ്ഘാടനം ചെയ്യും

 

154 വർഷത്തെ ചരിത്രമുള്ള ചേളന്നൂർ സബ്‌രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്. 1913ൽ  ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് അത്യാധുനിക രീതിയിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. ഈ കെട്ടിടത്തിലാണ് ഇനി മുതൽ ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുക. അമ്പലത്തു കുളങ്ങരയിൽ നിർമ്മിച്ച പുതിയ കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഇന്ന്(സെപ്റ്റംബർ 22) രാവിലെ 10.30 ന് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എംപി മുഖ്യാതിഥിയാവും.

 

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.13 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം  നടത്തിയത്.  രജിസ്ട്രേഷൻ വകുപ്പിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന 51 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒന്നാണ് ഇത്.

 

ചേളന്നൂർ വില്ലേജിൽ രജിസ്ട്രേഷൻ വകുപ്പിന്റെ കൈവശമുള്ള 26 സെൻറ് ഭൂമിയിൽ 3,500 സ്ക്വയർഫീറ്റിലാണ് കെട്ടിടം. ചേളന്നൂർ, കാക്കൂർ, നന്മണ്ട,  തലക്കുളത്തൂർ,  മടവൂർ,  നരിക്കുനി വില്ലേജുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഈ ഓഫീസിന്റെ  പ്രവർത്തന പരിധിയിൽ ഉള്ളത്. ഓഫീസിൽ ഇതിനോടകം ആധുനികവൽക്കരണം നടപ്പിലാക്കി കഴിഞ്ഞു.  ആവശ്യക്കാർക്ക് ഓഫീസിൽ നേരിട്ട് ഹാജരാകാതെ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ  ഓൺലൈൻ മുഖേന നൽകാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സബ് രജിസ്ട്രാർ ഉൾപ്പെടെ ഒൻപത് ജീവനക്കാരാണ് ഇവിടെയുള്ളത്.

 

പുതിയ കെട്ടിടത്തിന്റെ  താഴത്തെ നിലയിൽ ഓഫീസ്,  രജിസ്ട്രാറുടെ മുറി, ഓഡിറ്റർ ലൈബ്രറി,  കാത്തിരിപ്പുകേന്ദ്രം, വരാന്ത, ഡൈനിങ് ഹാൾ, ഒന്നാമത്തെ നിലയിൽ റെക്കോർഡ് മുറി, കോൺഫറൻസ് ഹാൾ, രണ്ടാമത്തെ നിലയിൽ  ഹാൾ എന്നിവയാണ് ഒരുക്കിയത്. റെക്കോഡുകൾ മുകളിലേക്കും താഴേക്കും മാറ്റുന്നതിനായി ആധുനിക രീതിയിലുള്ള ഡംപ്  വെയിറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

 

 കോവിഡ് പ്രോട്ടോകോൾ,  ഗ്രീൻ പ്രോട്ടോകോൾ എന്നിവ പാലിച്ചാണ് ചടങ്ങ്.    കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് റീജണൽ മാനേജർ വി.വി അജിത്  കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ശോഭന,  കോഴിക്കോട് ജില്ലാ രജിസ്ട്രാർ ജനറൽ പി.വിലാസിനി, ചേളന്നൂർ സബ് രജിസ്ട്രാർ സി.സരോജിനി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ,  ജനപ്രതിനിധികൾ,  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  ആധാരമെഴുത്ത് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date