Skip to main content

കുടുംബാരോഗ്യ കേന്ദ്രം :  ആദിവാസി- തീരദേശ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കും. - ആരോഗ്യമന്ത്രി

 

    പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുമ്പോള്‍ ആദിവാസി- തീരദേശ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന്  ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
കേരളശ്ശേരിയില്‍ അലോപ്പതി - ആയുര്‍വേദ- ഹോമിയോ ആശുപത്രികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന  പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടം   ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   ആരോഗ്യ മേഖലയില്‍ കാര്യക്ഷമമായ മാറ്റങ്ങളാണ് ആര്‍ദ്രം പദ്ധതിയിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഇതിനായി 830 അധിക തസ്തികകള്‍ സൃഷ്ടിച്ചു. ആശാവര്‍ക്കര്‍മാര്‍ക്ക് വേതന വര്‍ധനവ് നടപ്പിലാക്കി. കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.  
    തദ്ദേശ മിത്രം 2016-17 പദ്ധതിയിലുള്‍പ്പെട്ട ലോകബാങ്ക് ധനസഹായമായ 1.5 കോടി ഉപയോഗിച്ചാണ്  ആശുപത്രി സമുച്ചയം നിര്‍മിച്ചത്.  ഒ.പി കൗണ്ടര്‍ , മൂന്ന് പരിശോധന മുറികള്‍, ഒബ്സര്‍വേഷന്‍ റൂമുകള്‍, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, ഇന്‍ജക്ഷന്‍ റൂം, ലാബ്, കോണ്‍ഫറന്‍സ് - എജുക്കേഷന്‍ റൂം എന്നിവയാണ് പുതിയ സമുച്ചയത്തിലുളളത്.
     കെ. വി. വിജയദാസ് എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി ബിന്ദു, കേരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു കൃഷ്ണദാസ്, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date