Skip to main content

ലൈഫ് മിഷന്‍: കൊടുമ്പിലെ രണ്ടാമത്തെ ഭവനസമുച്ചയ നിര്‍മാണോദ്ഘാടനം 24 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

 

 

ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ കൊടുമ്പില്‍ നിര്‍മിക്കുന്ന ജില്ലയിലെ രണ്ടാമത്തെ ഭവനസമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം സെപ്തംബര്‍ 24 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൊടുമ്പ് ഉള്‍പ്പെടെ സംസ്ഥാനത്ത് നിര്‍മിക്കുന്ന  29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനവും പരിപാടിയില്‍ നടക്കും. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി .മൊയ്തീന്‍ അധ്യക്ഷനാവും.

പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയാവും. എം.പി വി.കെ.ശ്രീകണ്ഠന്‍, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി മുഖ്യാഥിതികളായി പങ്കെടുക്കും .

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ തിരഞ്ഞടുത്ത ഭൂ- ഭവനരഹിതരായവര്‍ക്കാണ് ജില്ലയിലെ രണ്ടാമത്തെ ഭവനസമുച്ചയം കൊടുമ്പില്‍ നിര്‍മിക്കുന്നത്. കൊടുമ്പ് പഞ്ചായത്തില്‍ കണ്ടെത്തിയ 61 സെന്റ് സ്ഥലത്ത് 511 ലക്ഷം ചെലവില്‍ 36 വീടുകളടങ്ങിയ സമുച്ചയമാണ് നിര്‍മിക്കുന്നത്.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈലജ, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ, ജില്ലാ പഞ്ചായത്ത് മെമ്പമാരായ നിതിന്‍ കണിച്ചേരി,  കെ.രാജന്‍, ലൈഫ് മിഷന്‍ ജില്ലാ കര്‍മ്മ സമിതി കണ്‍വീനര്‍ കെ.പി. വേലായുധന്‍  ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

date