അജൈവ മാലിന്യം തരംതിരിക്കൽ പരിശീലനം നൽകി
അത്തോളി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത ഹരിതകർമസേന അംഗങ്ങൾക്കായി അജൈവ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട പരിശീലനം നൽകി. പഞ്ചായത്ത് ഓഫീസിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ. രാജേഷ് അജൈവ പാഴ്വസ്തുക്കളുടെ പരിപാലനം - തരംതിരിക്കലും മൂല്യ വർദ്ധനയും, കൊവിഡ് കാലത്തെ മാലിന്യശേഖരണവും സംസ്കരണവും എന്നീ വിഷയങ്ങളെകുറിച്ച് ക്ലാസ്സെടുത്തു.
രണ്ട് സെഷനുകളിലായി നടന്ന പരിശീലന ക്ലാസുകൾക്ക് ശേഷം പഞ്ചായത്തിലെ എം.സി.എഫിൽ തരംതിരിക്കൽ പ്രായോഗിക പരിശീലനവും നടത്തി. കൊവിഡ് മാനദണ്ഡം പാലിച്ച് 10 ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.
പന്തലായനി ബ്ലോക്കിലെ മറ്റ് പഞ്ചായത്തുകളിൽ വരും ദിവസങ്ങളിൽ ക്ലാസുകൾ നടത്തും.
പഞ്ചായത്ത് സെക്രട്ടറി ജേക്കബ് ജോർജ്, അസി. സെക്രട്ടറി ആർ ജിഷിത്ത്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ വിജില സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments