*പട്ടികജാതി കോളനികളുടെ സമഗ്ര വികസനം മാതൃകാപരമായി പൂർത്തീകരിക്കും -മന്ത്രി എ. കെ ബാലന്‍*
കുറ്റ്യാടിയിൽ നിർമിക്കുന്ന പട്ടികജാതി സങ്കേതങ്ങളുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കോളനികളുടെ സമഗ്ര വികസനം മാതൃകാപരമായി പൂർത്തീകരിച്ച് ശ്രദ്ധിക്കപ്പെടുന്ന രൂപത്തിൽ കോളനികളെ മാറ്റുമെന്ന് പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ രണ്ട് പട്ടികജാതി സങ്കേതങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സർക്കാർ ഏറ്റെടുത്ത 207 കോളനികളിൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് 164 കോളനികളുടെ നിർമാണം പൂർത്തീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ സർക്കാർ 273 കോളനികൾ കൂടി ഏറ്റെടുത്തു. അതിൽ 24 എണ്ണത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചു. 249 കോളനികളുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. ഒരു കോളനിയിൽ ഒരു കോടി രൂപ വരെ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. വീടുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള പദ്ധതി, ഗതാഗത സൗകര്യം ഒരുക്കൽ, വൈദ്യുതീകരണം, പൊതു ഇടങ്ങളുടെ നിർമാണം, ശ്മശാന നിർമാണം, ശുചീകരണ പ്രവർത്തനങ്ങൾ, ചെറിയ തൊഴിൽ സംരംഭങ്ങൾ എന്നിവയാണ് നടത്തുന്നത്.
12500 പഠന മുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർവ്വഹിച്ചു.. 25000 പഠന മുറികളാണ് ലക്ഷ്യം. ബാക്കിയുള്ളത് ഈ വർഷം തന്നെ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. 60,073 വീടുകൾ പട്ടികജാതി വിഭാഗത്തിനും 29710 വീടുകൾ പട്ടികവർഗ്ഗത്തിനും പൂർത്തീകരിക്കാൻ സാധിച്ചു.
നാല് വര്‍ഷത്തിനിടയില്‍ പട്ടികജാതിയില്‍ പെട്ട 16729 പേര്‍ക്ക് അഞ്ചു സെന്‍റ് സ്ഥലം വാങ്ങാന്‍ ധനസഹായം നല്‍കി. കൂടാതെ പട്ടികജാതിക്കാര്‍ക്ക് ചികിത്സാ സഹായമായി 157 കോടി രൂപ അനുവദിച്ചു. 82313 പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. ചികിത്സാസഹായത്തിനുള്ള അപേക്ഷയും നടപടിക്രമങ്ങളും ഓണ്‍ലൈന്‍ വഴിയാക്കി. പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്കായി വാത്സല്യനിധി എന്ന പേരിൽ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. പ്രീമിയം തുക പൂർണ്ണമായും സർക്കാർ നൽകും. 18 വയസാകുമ്പോൾ മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യമാണ് ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
കുറ്റ്യാടി മണ്ഡലത്തിലെ തിരുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ തിരുത്തി, മണിയൂർ ഗ്രാമപഞ്ചായത്തിലെ പാലയാട് എന്നിവിടങ്ങളിലാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി സങ്കേതങ്ങൾ നിർമ്മിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷത വഹിച്ചു. പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങിൽ പാറക്കൽ അബ്ദുള്ള എംഎൽഎ, തിരുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനൻ മാസ്റ്റർ, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ, ജില്ല പട്ടികജാതി വികസന ഓഫീസർ കെ.പി ഷാജി തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments