Skip to main content

സുഗന്ധവിള ഗവേഷകരുടെ ദേശീയ ശില്പശാല സെപ്തംബര്‍ 29 ന്  

 

 

 

പുതിയ ഇനങ്ങള്‍  വിലയിരുത്തും

 

 

 സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ ( എഐസിആര്‍പിഎസ് ) 31-ാം ദേശീയ ശില്പശാല സെപ്തംബര്‍ 29 നു ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ ആരംഭിക്കും. ഇന്ത്യയിലെ 25  സംസ്ഥാനങ്ങളില്‍ നിന്നായി 50ല്‍ അധികം ശാത്രജ്ഞര്‍  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്  അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ന്റെ  (ഐസിഎആര്‍) മേല്‍നോട്ടത്തില്‍ നടക്കുന്ന ദ്വിദിന ശില്പശാലയില്‍ പങ്കെടുക്കും.

 

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചായിരിക്കും ശില്പശാല സംഘടിപ്പിക്കുക. സുഗന്ധവിള ഗവേഷണ രംഗത്ത് കഴിഞ്ഞ ഒരുവര്‍ഷം നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും ശില്പശാല ചര്‍ച്ചചെയ്യും. ഗവേഷണ പദ്ധതികളും പുതിയ ഇനങ്ങളുടെ കണ്ടുപിടിത്തവും ശില്പശാല വിലയിരുത്തും.  കേരളകാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ആര്‍.ചന്ദ്രബാബു ശില്പശാല ഉദ്ഘാടനം ചെയ്യും. ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.എ.കെ.സിങ് അധ്യക്ഷത വഹിക്കും.

 

എഐസിആര്‍പിഎസ്‌നു കീഴിലെ 14 വ്യത്യസ്ത കാര്‍ഷിക കാലാവസ്ഥ മേഖലകളില്‍ സ്ഥിതി ചെയ്യുന്ന 38 കേന്ദ്രങ്ങളില്‍ നിന്നും സുഗന്ധവിളകളില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ പങ്കെടുക്കും.  സുഗന്ധവിളകളായ കുരുമുളക്, വലിയ ഏലം, ചെറിയ ഏലം, ഇഞ്ചി, മഞ്ഞള്‍, മാങ്ങയിഞ്ചി, കറുവ, ജാതി, ഗ്രാമ്പൂ, മല്ലി, ജീരകം, ഉലുവ, പെരുംജീരകം, അയമോദകം, കരിംജീരകം, കുങ്കുമം എന്നിവയില്‍ നടത്തിയ ഗവേഷണങ്ങളും അതിന്റെ ഫലങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യും.

 

അത്യല്‍പാദനശേഷിയുള്ള സുഗന്ധവിള ഇനങ്ങളുടെ ഉത്പാദനം, പോഷക ലഭ്യത ഉറപ്പുവരുത്തല്‍, ചെടികളുടെ ആരോഗ്യ സംരക്ഷണം, കൃഷിക്കുവേണ്ട സാങ്കേതിക സഹായം ലഭ്യമാക്കല്‍ എന്നിവക്കുവേണ്ടി 176 ലധികം ഗവേഷണ വിജയങ്ങള്‍ എ ഐ സി ആര്‍ പി എസ്  ന്റെ നേതൃത്വത്തില്‍ കൈവരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 14 കാര്‍ഷിക കാലാവസ്ഥ മേഖലകളില്‍  ഗവേഷണം നടത്തി കാലാവസ്ഥക്കനുയോജ്യമായ വിള ഇനങ്ങള്‍ വികസിപ്പിക്കുകവഴി കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനും എഐസിആര്‍പിഎസ് പ്രവര്‍ത്തിക്കുന്നു.

 

ഐസിഎആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.വിക്രമാദിത്യ പാണ്ഡെ ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരിക്കും. അടക്ക സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍  ഡോ.ഹോമി ചെറിയാന്‍, നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ സീഡ് സ്‌പൈസസ് ഡയറക്ടര്‍ ഡോ.ഗോപാല്‍ ലാല്‍, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുന്‍  ഡയറക്ടറും എഐസിആര്‍പിഎസ് മുന്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്ററുമായ ഡോ.കെ.നിര്‍മല്‍ ബാബു എന്നിവര്‍ പങ്കെടുക്കും. ശില്പശാല സെപ്തംബര്‍ 30 നു സമാപിക്കും.

 

 

date