Skip to main content

സ്വമേധയാ രക്തം ദാനം ചെയ്യൂ, കൊറോണയ്‌ക്കെതിരെയുളള പോരാട്ടത്തില്‍  പങ്കാളിയാകൂ'

 

 

 

 ഒക്‌ടോബര്‍ ഒന്ന് ദേശീയ രക്തദാനദിനം 

 

 

'സ്വമേധയാ രക്തം ദാനം ചെയ്യൂ, കൊറോണയ്‌ക്കെതിരെയുളള പോരാട്ടത്തില്‍  പങ്കാളിയാകൂ'. ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ചുള്ളതാണ് ഈ സന്ദേശം. സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെ കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക  എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ ഒന്ന്  ദേശീയ രക്തദാനദിനമായി ആചരിക്കുന്നത്. 

 

രക്തദാനം ശീലമാക്കിയവര്‍, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കാത്തവര്‍, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടാത്തവര്‍, 45 കിലോയില്‍ അധികം ശരീരഭാരമുളളവര്‍, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ല്‍ കൂടുതല്‍ ഉളളവര്‍ എന്നിവരാണ് സുരക്ഷിത  രക്തദാതാക്കള്‍. 18 വയസ്സ് പൂര്‍ത്തിയായ ഏത് സ്ത്രീക്കും പുരുഷനും ഓരോ മൂന്ന്  മാസം കൂടുമ്പോഴും  രക്തം ദാനം ചെയ്യാം. 

 

രക്തം ദാനം ചെയ്യുന്നതിലൂടെ ചുവന്ന രക്താണുക്കളുടെ അളവ് ക്രമീകരിക്കപ്പെടുന്നതിനാല്‍ കരള്‍ രോഗങ്ങളുടെ സാദ്ധ്യത കുറയുന്നു. രക്തദാനത്തിലൂടെ പുതിയ രക്തകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിലൂടെ ശരീരവും മനസ്സും കൂടുതല്‍ ഊര്‍ജസ്വലമാകുന്നു. രക്ത പരിശോധനയിലുടെ എച്ച്. ഐ.വി., ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, മലേറിയ, സിഫിലിസ് എന്നിവ ഇല്ലെന്ന് ഉറപ്പാക്കാനാകും. രക്തദാനത്തിലൂടെ ഒരു സമയം നാല് ജീവന്‍ വരെ രക്ഷിക്കാന്‍ കഴിയും. 

      

എച്ച്. ഐ.വി., ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, മലേറിയ, സിഫിലിസ് ബാധിതർ, ഇന്‍സുലിന്‍ എടുക്കുന്ന പ്രമേഹ രോഗികള്‍, രക്തസ്രാവവും അനുബന്ധരോഗങ്ങളും ഉളളവര്‍, ഹൃദ്രോഗികള്‍, അപസ്മാരം, കുഷ്ഠരോഗം, ക്ഷയരോഗം, ആസ്തമ, അര്‍ബുദം എന്നിവ ബാധിച്ചവർ , ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ആര്‍ത്തവസമയത്തുളള സ്ത്രീകൾ, പെണ്‍കുട്ടികൾ എന്നിവർ രക്തദാനം നടത്താന്‍ പാടില്ല.

 

രക്തദാനത്തിന് ശേഷം 15-20 മിനുട്ടുകള്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍   ഇരിക്കേണ്ടതാണ്.  അടുത്ത 24 മണിക്കൂറില്‍ ധാരാളം വെളളം കുടിക്കുക.  അര മണിക്കുര്‍    നേരത്തേക്ക് പുകവലി , രണ്ട്  മണിക്കൂര്‍  നേരത്തേക്ക് വാഹനമോടിക്കല്‍ എന്നിവ പാടില്ല.  24 മണിക്കൂര്‍    നേരത്തേക്ക് മദ്യപാനം ഒഴിവാക്കുക.   രക്തദാനത്തിനുശേഷം തലകറക്കം, വിയര്‍ക്കല്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ 

നിരപ്പായ തറയില്‍ കിടക്കുക. കഴിയുമെങ്കില്‍  കാലുകള്‍ ഉയര്‍ത്തി വയ്ക്കുക. ശ്വാസം വലിച്ചു വിടുക. അടുത്തുളള ആളുകളെ സഹായത്തിന് വിളിക്കുക. ബുദ്ധിമുട്ട് മാറുന്നില്ലെങ്കില്‍   ബ്ലഡ് ബാങ്കുമായി ബന്ധപ്പെടുക.

 

date