Skip to main content

യോഗ കേന്ദ്രങ്ങൾക്കും ജിമ്മുകൾക്കും നിബന്ധനകളോടെ തുറന്നു പ്രവർത്തിക്കാൻ അനുമതി

 

 

കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ജില്ലയിലെ ജിംനേഷ്യങ്ങൾക്കും യോഗ കേന്ദ്രങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന  നിയന്ത്രണത്തിൽ ഇളവുകൾ നൽകി ജില്ലാകലക്ടർ  എസ്. സാംബശിവറാവു ഉത്തരവിറക്കി. യോഗയും വ്യായാമവും ആരോഗ്യത്തിന്   പ്രധാനമായതിനാലാണ്   ജിംനേഷ്യങ്ങളും യോഗ കേന്ദ്രങ്ങളും തുറക്കാന്‍ അനുമതി നൽകുന്നത്. കോവിഡ് -19 വ്യാപിക്കുന്നത് തടയാന്‍  കോവിഡ്  പ്രോട്ടോക്കോളും പ്രതിരോധ നടപടികളും നിർബന്ധമായും പാലിക്കണം. അഞ്ചിൽ കൂടുതല്‍ ആളുകള്‍ ഒരേ സമയം ഉണ്ടാവാൻ പാടില്ല.  

യോഗ സ്ഥാപനങ്ങളിലെയും  ജിംനേഷ്യങ്ങളിലെയും ജീവനക്കാർ, അംഗങ്ങള്‍, സന്ദര്‍ശകര്‍ എന്നിവര്‍ തമ്മിലുള്ള  ശാരീരിക ബന്ധങ്ങളൾ കുറയ്ക്കുന്നതിനും  സാമൂഹിക അകലവും , മറ്റ് പ്രതിരോധ, സുരക്ഷാ നടപടികളും കൃത്യമായി പാലിക്കണം. കണ്ടെയ്‌ൻമെന്റ് സോണുകളിലെ  യോഗ സ്ഥാപനങ്ങൾക്കും ജിംനേഷ്യങ്ങൾക്കും പ്രവർത്തനാനുമതി ഉണ്ടാവില്ല.  ബ്രെയിക്ക് ദി ചെയിനിന്റെ ഭാഗമായി സോപ്പ്,മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ നിർബന്ധമായും ഉണ്ടാവണം. 65 വയസ്സിന് മുകളിലുള്ളവര്‍, രോഗാവസ്ഥയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവർക്ക്  പ്രവേശനമുണ്ടാവില്ല. വ്യക്തികള്‍ തമ്മിൽ ആറടി ദൂരം നിലനിര്‍ത്തണം. ഫെയ്‌സ് കവറുകള്‍,  മാസ്‌കുകള്‍  എന്നിവ എല്ലായ്‌പ്പോഴും ഉപയോഗിക്കണം.

കൈകള്‍ കുറഞ്ഞത് 40-60 സെക്കന്‍ഡ് സോപ്പ് ഉപയോഗിച്ച് കഴുകുക. ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസർ ഓരോ പ്രാവശ്യവും 20 സെക്കൻഡ് എങ്കിലും ഉപയോഗിക്കുക.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യൂ പേപ്പറുകൾ,  തൂവാല എന്നിവ കൃത്യമായി ഉപയോഗിക്കുകയും ഉപയോഗശേഷം ശരിയായ രീതിയിൽ സംസ്കരിക്കുകയും വേണം.  ആരോഗ്യം സ്വയം നിരീക്ഷിക്കുകയും  അസുഖം തോന്നിയാൽ എത്രയും വേഗം സംസ്ഥാന, ജില്ലാ ഹെല്‍പ്പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

ഒരാള്‍ക്ക് നാല് ചതുരശ്ര മീറ്റര്‍ അടിസ്ഥാനമാക്കി  സ്ഥലം  ആസൂത്രണം ചെയ്യണം. കാര്‍ഡിയോ, സ്‌ട്രെംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം.   ഉപകരണങ്ങള്‍   തുറസ്സായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ച് ഉപയോഗിക്കുക.  വ്യായാമ മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനുമായി പ്രത്യേകം  വഴികൾ ഒരുക്കണം. നിർബന്ധമായും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ സന്ദര്‍ശകരുടെ രജിസ്റ്റര്‍ സൂക്ഷിക്കണം.

സ്പാ, സ്റ്റീം ബാത്ത്, നീന്തല്‍ക്കുളം എന്നിവയ്ക്ക് പ്രവർത്തനാനുമതി ഇല്ല.  വ്യക്തിഗത പരിശീലന സെഷനുകളില്‍ പരിശീലകനും വ്യക്തിയും തമ്മില്‍ ആറ് അടി ദൂരം ഉറപ്പാക്കണം. ഉപയോഗത്തിനു മുമ്പും ശേഷവും വ്യായാമ ഉപകരണങ്ങള്‍ വൃത്തിയാക്കുകയും  അണുവിമുക്തമാക്കാൻ  ആവശ്യമായ  വസ്തുക്കൾ ഉപയോഗിക്കുകയും വേണം.  വ്യായാമത്തിന് മുമ്പ് അംഗങ്ങളുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ രേഖപ്പെടുത്തുന്നതിന് പള്‍സ് ഓക്‌സിമീറ്ററിന്റെ ലഭ്യത ഉറപ്പാക്കണം. കണ്ടെയ്ന്‍മെന്റ് സോണില്‍ താമസിക്കുന്ന ജീവനക്കാർ  സ്ഥാപനത്തിൽ വരാൻ പാടില്ല.

കേന്ദ്രങ്ങൾ അടയ്ക്കുന്ന സമയത്ത് ഷവര്‍ റൂമുകളും ലോക്കറുകളും ഡ്രസ്സ്‌ മാറുന്ന സ്ഥലങ്ങളും വാഷ്റൂമുകളും ഉൾപ്പടെയുള്ള മുഴുവൻ സ്ഥലങ്ങളും ശരിയായി അണുനശീകരണം നടത്തണം.
 

date