Skip to main content

ഇനിയൊരു രോഗിക്കും തിക്താനുഭവം ഉണ്ടാകരുത് -ആരോഗ്യമന്ത്രി

ഇനിയൊരു രോഗിക്കും തിക്താനുഭവങ്ങള്‍ ഉണ്ടാകരുതെന്നും അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ നഴ്സുമാരുടേയും നഴ്സിംഗ് അസിസ്റ്റന്റ്മാരുടേയും അറ്റന്റര്‍മാരുടേയും അടിയന്തിര യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
    പരിചരണവും സാന്ത്വനവും നല്‍കേണ്ടവരാണ് ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും. പലതരം രോഗങ്ങളുടെ അവസ്ഥയില്‍ രോഗികള്‍ ചിലപ്പോള്‍ അസ്വസ്തത പ്രകടിപ്പിക്കാമെങ്കിലും ജീവനക്കാര്‍ സമചിത്തത വെടിയാന്‍ പാടില്ല. അവര്‍ പറയുന്നത് കേള്‍ക്കാനും ആവശ്യമായ പരിചരണങ്ങള്‍ നല്‍കാനും തയാറാകണം. കൃത്യമായി ജോലി ചെയ്യാത്ത ജീവനക്കാര്‍ക്കെതിരെ മേലധികാരികള്‍ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
    ചിലസമയത്ത് രോഗികളുടെ ബാഹുല്യം ആശുപത്രിയില്‍ വരുമ്പോള്‍ തറയില്‍ പോലും കിടക്കേണ്ടി വരും. അപ്പോഴും നല്ല പെരുമാറ്റത്തിലൂടെ അവര്‍ക്ക് സാന്ത്വനമാകുകയാണ് വേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിരവധി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ വിസ്മരിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
    600 കോടിയുടെ മാസ്റ്റര്‍പ്ലാന്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ലോകോത്തര ട്രോമകെയര്‍ സംവിധാനം, ഒ.പി. നവീകരണം, മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നിങ്ങനെ മെഡിക്കല്‍ കോളേജില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇങ്ങനെ മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രവും മികച്ച ഗവേണ കേന്ദ്രവുമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളെ രോഗീ സൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള ഇതുപോലെയുള്ള സംഭവങ്ങള്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.
    ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 4700ലധികം ജീവനക്കാരെയാണ് നിയമിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്രം 1000 ഓളം സ്റ്റാഫ് നഴ്സുമാരുടെ തസ്‌കികകളാണ് പുതുതായി സൃഷ്ടിച്ചത്. ഏതാനും ചിലര്‍ നടത്തുന്ന മോശം പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഭൂരിപക്ഷം ജീവനക്കാര്‍ക്കും കളങ്കം ചാര്‍ത്തും.
    നഴ്സുമാര്‍, നഴ്സിംഗ് അസിസ്റ്റന്റുമാര്‍, അറ്റന്റര്‍മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങി 800 ഓളം ജീവനക്കാര്‍ യോഗത്തില്‍ പങ്കെടുത്തു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുകയില്ലെന്നും പൂര്‍ണമായ സഹകരണം ഉറപ്പ് നല്‍കുന്നതായും ജീവനക്കാരുടെ പ്രതിനിധികള്‍ പറഞ്ഞു.
    മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ്‌കുമാര്‍, നഴ്സിംഗ് ഓഫീസര്‍ ഉദയറാണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.1222/18

date