Skip to main content

നൂറു കുളം പദ്ധതി: 27 കുളങ്ങളില്‍ തെളിനീര് ഇന്നലെ നവീകരിച്ചത് എട്ടു കുളങ്ങള്‍

 

കൊച്ചി: മഴക്കാലത്തിന് മുമ്പ് ജലസ്രോതസുകള്‍ വൃത്തിയാക്കുന്നതിന് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച നൂറു കുളം പദ്ധതി ലക്ഷ്യത്തിലേക്ക് മുന്നേറുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എട്ടു കുളങ്ങള്‍ കൂടി വൃത്തിയാക്കി. ഇതോടെ ഈ സീസണില്‍ വൃത്തിയാക്കിയ കുളങ്ങളുടെ എണ്ണം 27ലെത്തി. മൊത്തം നൂറു കുളങ്ങളാണ് ലക്ഷ്യം. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മൈനര്‍ ഇറിനേഷന്‍, ഗ്രാമപഞ്ചായത്ത്, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് നൂറു കുളം പദ്ധതി പുരോഗമിക്കുന്നത്. 

അയ്യമ്പുഴ പഞ്ചായത്തിലെ കാരക്കാട്ടുചിറ, ചീനന്‍ ചിറ, കൊല്ലക്കോട് പന്നച്ചിറ മഞ്ഞപ്ര പഞ്ചായത്തിലെ മുളവരിപ്പാടം കുളം, കോഴിക്കുളം, പുത്തൂര്‍ പള്ളിച്ചിറ, തുറവൂര്‍ പഞ്ചായത്തിലെ പാനാപ്പള്ളിക്കുളം, കണ്ണന്‍ചിറ എന്നീ കുളങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചെളിയും പായലും കോരിമാറ്റി വൃത്തിയാക്കിയത്. മൂവാറ്റുപുഴ വിശ്വജ്യോതി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റും ശുചീകരണത്തില്‍ പങ്കാളികളായി. അയ്യമ്പുഴയിലും മഞ്ഞപ്രയിലും ജില്ലാ കളക്ടര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹരിത കേരളം ജില്ലാ കോ ഓഡിനേറ്റര്‍ സുജിത് കരുണ്‍, ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍ സിജു തോമസ്, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ പി.എസ്. ഹരിദാസ്, ടിമ്പിള്‍ മാഗി എന്നിവര്‍ ജില്ലാ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ തോമസ്, വൈസ് പ്രസിഡന്റ് സരിതാ സുനില്‍, അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് നീതു അനു, വൈസ് പ്രസിഡന്റ് പി.യു ജോമോന്‍, തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വര്‍ഗീസ്, വൈസ് പ്രസിഡന്റ് സില്‍വി ബൈജു എന്നിവരും വാര്‍ഡ് പ്രതിനിധികളും വിവിധ സ്ഥലങ്ങളില്‍ കുളം ശുചീകരണത്തില്‍ പങ്കെടുത്തു.

date