Skip to main content

ബ്രഹ്മപുരം ഊര്‍ജപ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം:  മുഖ്യമന്ത്രി

 

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്കകള്‍ പരിഹരിച്ചും പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിലുമാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേശകനായ എം. ചന്ദ്രദത്തന്‍ ഇക്കാര്യത്തില്‍ സുപ്രധാനപങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റിന്റെ ശിലാസ്ഥാപനം എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബ്രഹ്മപുരത്ത് പ്ലാന്റ് സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഉയര്‍ന്നിരുന്നു. പദ്ധതി തന്നെ സ്തംഭനാവസ്ഥയിലായി. തുടര്‍ന്ന് ഇവ പഠിച്ച് പ്രായോഗികപരിഹാരം മുന്നോട്ടുവയ്ക്കുന്നതിന് ശാസ്‌ത്രോപദേശകനായ എം. ചന്ദ്രദത്തനെ ചുമതലപ്പെടുത്തി. നിരവധി തവണ ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിച്ച് ധാരണാപത്രത്തില്‍ അതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയതിലൂടെയാണ് പ്ലാന്റിന് ഇപ്പോള്‍ കല്ലിടാന്‍ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും പ്രധാന നഗരസഭകളിലും കേന്ദ്രീകൃത ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എട്ട് നഗരങ്ങളിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. അസാധ്യമായി കരുതിയിരുന്ന മാലിന്യ സംസ്‌കരണത്തെ സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ബ്രഹ്മപുരത്തെ മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സംസ്ഥാനത്തിനു മുഴുവന്‍ മാതൃകയാകും. പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി 20 ഏക്കര്‍ ഭൂമിയാണ് ജിജെ ഇക്കോ പവര്‍ കമ്പനിക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൈമാറുന്നത്. 18 മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. 

മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതാണ് ഉത്തമം. പക്ഷേ കൊച്ചി പോലുള്ള വലിയ നഗരങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണം പൂര്‍ണ്ണമാകാത്ത സാഹചര്യമാണുള്ളത്. നഗരത്തില്‍ കുന്നു കൂടുന്ന മാലിന്യങ്ങള്‍ നിരവധി പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റില്‍ ഗ്യാസിഫിക്കേഷന്‍ വഴി ലഭിക്കുന്ന താപ ഊര്‍ജം വൈദ്യുതിയായി മാറ്റും. വിഷമയമില്ലാത്ത വാതകമായിരിക്കും പുറത്തേക്ക് വിടുക. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത വിലയ്ക്ക് സര്‍ക്കാര്‍ വാങ്ങുന്നതിനും ധാരണയായിട്ടുണ്ട്. നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിച്ചും കൊച്ചി കോര്‍പ്പറേഷന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുമാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഉറവിട മാലിന്യ സംസ്‌കരണം മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശുദ്ധമായ അന്തരീക്ഷവും ജലവും നിറഞ്ഞ ഭൂമിയായിരിക്കണം വരും തലമുറയെ നാം ഏല്‍പ്പിച്ചു കൊടുക്കേണ്ടത്. വരും തലമുറക്ക് വിഷവായുവും വിഷ ജലവും അനുഭവിക്കേണ്ട അവസ്ഥയുണ്ടാകരുത്. പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കണം. പകരം ശുദ്ധിയുടെ സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടു വരണം. ഇതിന് പ്രദേശവാസികളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമം വേണം  മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, പ്രൊഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി.ടി. തോമസ്, എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എം.പി. പി. രാജീവ്, മുന്‍ മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകന്‍ എം. ചന്ദ്രദത്തന്‍, ജിജെ ഇക്കോ പവര്‍ െ്രെപവറ്റ് ലിമിറ്റഡ് സിഇഒ ജിബി ജോര്‍ജ്, കമ്പനി പ്രതിനിധികളായ അമിത്, അഭിലാഷ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, കൗണ്‍സിലര്‍മാരായ പി.എം ഹാരിസ്, കെ.വി.പി. കൃഷ്ണകുമാര്‍, ഗ്രേസി ജോസഫ്, മിനിമോള്‍, പൂര്‍ണ്ണിമ നാരായണന്‍, എ.ബി. സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

date