Skip to main content

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം  തെരഞ്ഞെടുപ്പ് പ്രചാരണം: ജില്ലാ കളക്ടര്‍

 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കളക്ടറേറ്റില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. 

മാതൃകാ പെരുമാറ്റ ചട്ടലംഘനം ഇല്ലായെന്ന് ഉറപ്പുവരുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. നിര്‍ബന്ധമായും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. 

ജില്ലയില്‍ ഇതുവരെ 17000ത്തോളം പേര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചിട്ടുള്ളത്. ദിവസേന 250 പേര്‍ക്കോളം പോസിറ്റീവ് കേസുകള്‍ പുതുതായി ഉണ്ടാകുന്നുണ്ട്. ജില്ലയില്‍ ദിവസേന 380 പേര്‍ക്കോളം പോസിറ്റീവ് കേസുകള്‍ ഉണ്ടാകുന്നതില്‍ നിന്നുമാണ് ഇപ്പോഴുള്ള സാഹചര്യത്തിലേക്ക് നാം എത്തിനില്‍ക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിന് മതിയായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ നിന്നും പോസിറ്റീവ് കേസുകളുടെ നിരക്കില്‍ ഉയര്‍ച്ച ഉണ്ടായേക്കാമെന്നും കളക്ടര്‍ പറഞ്ഞു. 

മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ചിരിക്കണം. പ്രചാരണത്തില്‍ ഫ്‌ളക്‌സുകളോ, പ്ലാസ്റ്റിക് വസ്തുക്കളോ, പ്രകൃതിയില്‍ അലിഞ്ഞു ചേരാത്തതോ ആയ വസ്തുക്കള്‍ ഉപയോഗിക്കരുത്. പ്രകൃതിക്ക് ദോഷമല്ലാത്ത പ്രചാരണ പ്രക്രിയകള്‍ മാത്രമേ പാടുള്ളൂവെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി. ഹരികുമാര്‍, എം.സി.സി എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എസ്.ജയശ്രീ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.വി.ആര്‍ സോജി, കരിമ്പനക്കുഴി ശശിധരന്‍ നായര്‍, അഡ്വ.രാജു ഉളനാട്, ആര്‍.ജയകൃഷ്ണന്‍, ടി.എം സുനില്‍കുമാര്‍, അഡ്വ.കെ.ജയകുമാര്‍, രാജു നെടുമ്പുറം, നൗഷാദ് കണ്ണങ്കര, ബിജു മുസ്തഫ, എം.കെ സോമരാജന്‍, ജോണ്‍ പോള്‍, മലയാലപ്പുഴ ശ്രീകോമളന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date