വിദ്യാര്‍ത്ഥികളിലൂടെ 'വീട്ടു മുറ്റത്ത് ഔഷധ വൃക്ഷങ്ങള്‍' പദ്ധതിക്ക് തുടക്കമായി
ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് തൊടുപുഴ ബ്ലോക്ക് ആയുഷ് ഗ്രാം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 'വീട്ടുമുറ്റത്ത് ഒരു ഔഷധ വൃക്ഷം'' എന്ന പദ്ധതി നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.കബീര്‍ എ.എം. ഉദ്ഘാടനം ചെയ്തു. മുട്ടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തുടങ്ങാനാട് സെന്റ് തോമസ് ഹൈസ്‌കൂള്‍, ഷന്താല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സ്വന്തം വീട്ടുമുറ്റങ്ങളില്‍ 500 ആര്യവേപ്പിന്‍ തൈകള്‍ നട്ടു. ഔഷധ സസ്യങ്ങള്‍ നട്ടു പരിപാലിക്കല്‍, വൃക്ഷങ്ങളുടെ ഔഷധ ഗുണങ്ങള്‍ സംബന്ധിച്ച് അവബോധം വളര്‍ത്തല്‍, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷങ്ങള്‍ പരിപാലിക്കുന്നതിലൂടെ പ്രകൃതിയിലുണ്ടാകുന്ന ഗുണങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കല്‍ എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നാഗാര്‍ജുന ഹെര്‍ബല്‍ കോണ്‍സന്‍ട്രേറ്റ്‌സ് ആണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ആര്യവേപ്പിന്‍ തൈകള്‍ നല്‍കിയത്. ഇതോടനുബന്ധിച്ച് ആയുഷ് ഗ്രാം സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറുകള്‍ ഭാരതീയ ചികില്‍സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി. ശുഭ നിര്‍വ്വഹിച്ചു. മുട്ടം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടത്തിയ വെബിനാറില്‍ ആയുഷ്ഗ്രാം നോഡല്‍ ഓഫീസര്‍ ഡോ.റോസലിന്‍ ജോസ് സ്വാഗതം ആശംസിച്ചു. കോവിഡും ആയുര്‍വേദവും, ഔഷധ സസ്യകൃഷി രീതികള്‍ എന്നീ വിഷയങ്ങളില്‍ ആയുഷ് ഗ്രാം മെഡിക്കല്‍ ഓഫീസര്‍ ഡോ.രഹ്ന സിദ്ധാര്‍ത്ഥന്‍, നാഗാര്‍ജുന ഔഷധസസ്യ വിഭാഗം മാനേജര്‍ ബേബി എന്നിവര്‍ ക്ലാസ് നയിച്ചു. കരിങ്കുന്നം ജി.എ.ഡി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ ജ്യോതി ലക്ഷ്മി നന്ദിയര്‍പ്പിച്ചു.
- Log in to post comments