Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: സീനിയോറിറ്റി പുതുക്കാന്‍ അവസരം

 

ആലപ്പുഴ: 1999 ജനുവരി 01 മുതല്‍ 2019 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലിയില്‍ നിന്നും പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് പ്രസ്തുത കാലയളവില്‍ ചേര്‍ക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും തനത് സീനിയോറിറ്റിയോടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാന്‍ 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ച്് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പുതുക്കലിനുളള ഓണ്‍ലൈന്‍ സൗകര്യം www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 2020 ഡിസംബര്‍ 31 വരെ പ്രത്യേക പുതുക്കല്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന മാത്രമാണ് സ്വീകരിക്കുക.  2021 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ പ്രത്യേക പുതുക്കല്‍ അപേക്ഷകള്‍ ഓണ്‍ലൈനായും ഓഫീസില്‍ നേരിട്ടും സ്വീകരിക്കും.  രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 1998 നവംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ രേഖപ്പെടുത്തിയവര്‍ക്ക്  ഈ ആനുകൂല്യം ലഭിക്കും. വെബ്‌സെന്ററിന്റെ ഹോം പേജിലുളള സ്‌പെഷ്യല്‍ റന്യൂവല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കി പുതുക്കല്‍ നടത്തി ഐ.ഡി കാര്‍ഡ് പ്രിന്റ് എടുത്ത് സൂക്ഷിക്കണം. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമല്ലെങ്കില്‍ പേരും വിലാസവും നല്‍കി ആപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ചെയ്യണം. അപേക്ഷാ ഫോമില്‍ നല്‍കിയ അവസാന തീയതിക്കകം ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും പ്രവര്‍ത്തി ദിവസം അവരുടെ രജിസ്‌ട്രേഷന്‍ കാര്‍ഡും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രേഖപ്പെടുത്തിയ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കാം.  പുതുക്കല്‍ നേടുന്നവര്‍ക്ക് തൊഴില്‍ രഹിത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date