ദേശീയപാത: മലപ്പുറത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് പരിശ്രമിക്കുമെന്നും യോഗശേഷം മന്ത്രി സുധാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ പാത വികസനം ഏറ്റവും അത്യാവശ്യമാണെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതായി മന്ത്രി പറഞ്ഞു. നിലവിലുള്ള സര്‍വേ നടപടികള്‍ തുടരും. അതിനൊപ്പം, നാട്ടുകാര്‍ നിര്‍ദ്ദേശിച്ച അലൈന്‍മെന്റിലും സര്‍വെ നടത്തണമെന്ന് ദേശീയപാത അതോറിറ്റിയോട് അഭ്യര്‍ത്ഥിക്കും. എ.ആര്‍. നഗര്‍ അടക്കമുള്ള പ്രദേശങ്ങളിലാണ് രണ്ട് അലൈന്‍മെന്റുകളിലും സര്‍വെ നടത്തുക. ദേശീയ പാത അതോറിട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, നാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിക്കുന്ന അലെന്‍മെന്റായിരിക്കും സ്വീകരിക്കുക.
സര്‍വേ നടപടി അന്തിമമല്ല. അതിനാല്‍ ഭയക്കേണ്ടതുമില്ല. സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയാലേ ഒരാള്‍ക്ക് എന്ത് നഷ്ടമുണ്ടാകുന്നുവെന്ന് കണക്കാക്കാനാവൂ. അങ്ങനെ കണക്കാക്കുന്ന തുക എത്രയെന്ന് ഓരോ വീട്ടുടമസ്ഥനേയും അറിയിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മലപ്പുറം ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി.
നഷ്ടപരിഹാരം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. 1956 ലെ നിയമമനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്നത് 2013 ലെ ദേശീയപാത നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് മോശമല്ലാത്ത തുകയായിരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വസ്തുവിന് മാത്രമല്ല, അതിലുള്ള വീടുകള്‍, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അതിന്റെ മൂല്യം കണക്കാക്കി നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ദേശീയപാതാ വികസനത്തില്‍ യാതൊരുവിധ സാങ്കേതിക തടസ്സങ്ങളും ഉണ്ടാവുകയില്ലെന്നും മന്ത്രി പറഞ്ഞു.
നിയമസഭയില്‍ പൊതുമരാമത്ത് മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി കെ.ടി. ജലീല്‍, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ എംഎല്‍എമാര്‍, ഒ. രാജഗോപാല്‍ എംഎല്‍എ, മലപ്പുറം ജില്ലാ കലക്ടര്‍, ദേശീയപാത അതോറിറ്റിയുടെ സംസ്ഥാനത്തെ മുഖ്യ ഉദ്യോഗസ്ഥന്‍, ചീഫ് കോര്‍ഡിനേറ്റര്‍, രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.1356/18
- Log in to post comments