Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് :  പൊതുനിരീക്ഷകന്‍ ജില്ലയിലെത്തി

തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാനദണ്ഡങ്ങളും  സ്ഥാനാര്‍ത്ഥികളും രാഷ്ട്രിയ പാര്‍ട്ടികളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍  വി. രതീശന്‍ ജില്ലയിലെത്തി. ജില്ലാ കളക്ടര്‍  എസ് ഷാനവാസുമായി  അദ്ദേഹം കൂടികാഴ്ച നടത്തി. തിരഞ്ഞെടുപ്പിന്റെ  സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ അദ്ദേഹം കളക്ടറുമായി വിശകലനം ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധിയെന്ന നിലയിലാണ് വി. രതീശന്‍ ജില്ലയില്‍ എത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുശാസിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.  സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചെലവ്, പ്രചരണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങള്‍, സംഘടിപ്പിക്കുന്ന ജാഥകള്‍ തുടങ്ങിയവയുടെ ചെലവ് തയ്യാറാക്കല്‍,തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം,  വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം, വിതരണം , കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, കോവിഡ് രോഗബാധിതരായി  ചികിത്സയില്‍ കഴിയുന്നവരുടെ പോസ്റ്റല്‍ വോട്ടുകളുടെ ക്രമീകരണം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതി പരിഹരിക്കല്‍ തുടങ്ങി തിരഞ്ഞെടുപ്പിന്റെ പൊതുവായ എല്ലാ തലങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങളും പൊതു നിരീക്ഷകന്‍ വിലയിരുത്തും. എഡിഎം  റെജി.പി ജോസഫ്്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ യു ഷീജാ ബീഗം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

 

തിരഞ്ഞെടുപ്പ് ചെലവുകള്‍ പരിശോധിക്കാന്‍  നിരീക്ഷകര്‍ എത്തി

 

ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചെലവ് പരിശോധിക്കുന്നതിന് നിരീക്ഷരെ നിയമിച്ചു. സുധദാസ് (96560194440), സോഫി എ (9446016258) , ബാബു റിയാ സുധീന്‍ എസ് (9495017634) , വിജയകുമാര്‍ എസ് (9446344182), ഹരികുമാര്‍  ജി (9497346263), അനില്‍കുമാര്‍ ബി (8281938418) എന്നി ഉദ്യോഗസ്ഥര്‍ക്കാണ് നിരീക്ഷണ ചുമതല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അനുവദനിയമായതില്‍  കൂടുതല്‍ തുക പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ടോയെന്ന് നിരീക്ഷകര്‍ പരിശോധിക്കും. പ്രചരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍,  ബാനറുകള്‍, ചുവരെഴുത്ത് , കമാനങ്ങള്‍,പരസ്യം, പൊതുയോഗങ്ങള്‍ തുടങ്ങിയവയുടെ ചെലവ് നിരീക്ഷകര്‍  ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയോ ഏജന്റോ ഹാജരാക്കണം. നിയമ വിരുദ്ധമായ ചെലവുകള്‍ സംബന്ധിച്ചുള്ള പരാതികളും നിരീക്ഷകര്‍ക്ക് കൈമാറാവുന്നതാണ്. പണത്തിന്റെ അമിതമായ സ്വാധീനം തിരഞ്ഞെടുപ്പില്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് നിരീക്ഷകരെ നിയോഗിച്ചിട്ടുള്ളത്.  ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് യഥാക്രമം 25,000,75,000,150,000 രൂപയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ യഥാക്രമം 75,000,150,000 രൂപയുമാണ് ് പ്രചരണത്തിനായി ഉപയോഗിക്കാവുന്ന തുക.

 

കണക്ക് സൂക്ഷിക്കാനുള്ള ഫാറം

 

നിശ്ചിത ഫാറത്തില്‍വേണം കണക്കുകള്‍ എഴുതി സൂക്ഷിക്കാന്‍ ഫാറം അതാത് വരണാധികാരികളുടെ പക്കല്‍ ലഭ്യമാണ്.

 

കണക്ക് സമര്‍പ്പിക്കേണ്ടത്. 

 

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം മുതല്‍ 30 ദിവസത്തിനകം തിരഞ്ഞെടുപ്പിനായി ചെലവഴിച്ച തുകയുടെ കൃത്യമായ കണക്ക് സ്ഥാനാര്‍ത്ഥികള്‍ ഹാജരാക്കണം. ഗ്രാമപഞ്ചായത്തുകളില്‍ നിന്നും മത്സരിച്ചവര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്കും ബ്ലോക്ക്തല സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവടങ്ങളില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കളക്ടര്‍ക്കുമാണ് കണക്കുകള്‍   നല്‍കേണ്ടത്.

 

ശരിയായ കണക്കുകള്‍ സമര്‍പ്പിക്കാത്തവരുടെ അയോഗ്യത ഇപ്രകാരം... 

 

തദ്ദേശ തിരഞ്ഞെടുപ്പില്‍  സ്ഥാനാര്‍ത്ഥികള്‍  ചെലവഴിക്കുന്ന തുക സംബന്ധിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി തുക ചെലഴിക്കുകയോ കൃത്യമായ കണക്കുകള്‍ രേഖപ്പടുത്താത്തപക്ഷമോ സ്ഥാനാര്‍ത്ഥി അയോഗ്യനാകും. 

 

1. നിശ്ചിത സമയ പരിധിക്കുള്ളില്‍ കണക്ക് സമര്‍പ്പിക്കാതിരിക്കുക

2. നിര്‍ണ്ണയിക്കപ്പെട്ട രീതിയില്‍ കണക്ക് സമര്‍പ്പിക്കാതിരിക്കുക

3. നിശ്ചിത ഫാറത്തില്‍ സമര്‍പ്പിക്കാതിരിക്കുക

4. അപൂര്‍ണ്ണമായ കണക്കുകള്‍ സമര്‍പ്പിക്കുക

5. തെറ്റായ കണക്ക് സമര്‍പ്പിക്കുക

6.  വൗച്ചറുകള്‍, ബില്ലുകള്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ നല്‍കാതിരിക്കുക, 

7.  ബന്ധപ്പെട്ട ഉദ്യോഗസ്ഥനു സമര്‍പ്പിക്കതെ മറ്റാര്‍ക്കെങ്കിലും കണക്കുകള്‍ സമര്‍പ്പിക്കുക

8. കണക്കുകള്‍ നിയമാനുസൃതമല്ലാതിരിക്കുക

9. പരിധിയില്‍ കവിഞ്ഞ് ചെലവഴിക്കുക തുടങ്ങിയ കാരണങ്ങളാലും സ്ഥാനര്‍ത്ഥി അയോഗ്യനാകും.

date