Skip to main content

ലൈഫ് മിഷന്‍ പുതിയ വീടുകളുടെ നിര്‍മ്മാണം ഏപ്രില്‍ 25ന് ആരംഭിക്കും.

 

ജില്ലയില്‍ ലൈഫ് മിഷന്റെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പുതിയ വീടുകളുടെ നിര്‍മ്മാണം  ഏപ്രില്‍ 25ന് ആരംഭിക്കും.  ജില്ലയില്‍ 106 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 14657 ഗുണഭോക്താക്കളാണ് ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയിലുള്ളത്. ഇതില്‍ പട്ടിക ജാതിക്കാര്‍ 1327, പട്ടിക വിഭാഗക്കാര്‍ 124, ജനറല്‍ 13206 എന്നിങ്ങനയുള്ളവരാണ് ഗുണഭോക്താക്കള്‍.
  പ്രസ്തുത മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ലൈഫ് മിഷന്റെ ഭാഗമായി 4 ലക്ഷം രൂപ വീടിനുള്ള ധനസഹായം അനുവദിച്ച് നല്‍കും. ഇതിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ സംഗമങ്ങള്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമാരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ 20നകം ഗുണഭോക്തൃ സംഗമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ലൈഫ് മിഷന്‍ പ്രസിദ്ധീകരിച്ച 12 മാതൃകാ സ്‌കെച്ചുകളില്‍ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് ഭവനങ്ങള്‍ക്ക് ഏകദിന പെര്‍മിറ്റ് നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 400 സ്വ.ഫീറ്റും അധികമായി 5% നവും വിസ്തീര്‍ണ്ണം പരമാവധി നിജപ്പെടുത്തിയിരിക്കണം.  ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന നിബന്ധനയുണ്ട്.
നിലവില്‍ 20% തുക വകയിരുത്തിയിട്ടുള്ള ഗ്രാമ പഞ്ചായത്തുകള്‍ക്ക്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവ വകയിരുത്തിയിട്ടുള്ള 20% തുകയില്‍ നിന്നുള്ള ആനുപാതിക വിഹിതവും ലഭിക്കും.  കൂടുതല്‍ ഗുണഭോക്താക്കളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പോരാതെ വരുന്ന തുക പലിശ രഹിത വായ്പയായി ലൈഫ്മിഷന്‍ അനുവദിക്കും.  
ലൈഫ് ലിസ്റ്റില്‍ ഇടംപിടിക്കുകയും എന്നാല്‍ നിലവില്‍ ഭാഗികമായി നിര്‍മ്മാണം നടത്തിയ ലൈഫ് ഗുണഭോക്താക്കള്‍ ഇതിനോടകം നിര്‍മ്മിച്ച ഭവന ഭാഗം പൊളിച്ചു നീക്കേണ്ടതില്ല. അവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി തുക അനുവദിക്കും.
    റേഷന്‍ കാര്‍ഡ് ഇല്ലാത്തതും ലൈഫ് മാനദണ്ഡ പ്രകാരം അര്‍ഹരുമായ ഭൂമിയുള്ള ഭവനരഹിതരായ അഗതികളുടെ പട്ടിക തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപന കമ്മറ്റിയുടെ അംഗീകാരത്തോടെ ജില്ലാ കളക്ടറുടെ അനുമതിക്ക് സമര്‍പ്പിക്കേണ്ടതാണ്. അതുപോലെ 'ഊരുകൂട്ടം' അംഗീകരിച്ച പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഭവനരഹിതരെ ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണ്.
ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താവ് മരിച്ചാല്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട നിയമപരമായ അവകാശിക്ക് വീട് അനുവദിക്കുന്നതാണ്.  കുടുംബത്തില്‍ മുതിര്‍ന്നവരില്ലെങ്കില്‍ കുടുംബം തെരെഞ്ഞെടുക്കുന്ന ഒരു രക്ഷിതാവിന്റെ പേരില്‍ താത്കാലികമായി വീട് അനുവദിക്കുന്നതും കുടുംബത്തിലെ ആരെങ്കിലും ഒരാള്‍ മുതിര്‍ന്നവരുടെ ഗണത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ പേരിലേക്ക് കരാര്‍ മാറ്റുന്നതുമാണ്.
തണ്ണീര്‍തട സംരക്ഷണ നിയമപ്രകാരം ഡാറ്റാ ബാങ്കിലുള്‍പ്പെട്ടു വന്നിട്ടുള്ള നിലമെന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ വീട്‌വെയ്ക്കുന്നതിന് അപേക്ഷകളൊരുമിച്ച്,  പ്രാദേശിക നിരീക്ഷണ സമിതിയുടെ ശുപാര്‍ശ പ്രകാരം ജില്ലാതല സമിതിയുടെ അംഗീകാരത്തിന് നല്‍കേണ്ടതാണ്. ജില്ലാ സമിതിയുടെ ശുപാര്‍ശയില്‍ ജില്ലാ കളക്ടര്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉടമസ്ഥാവകാശ രേഖയോ കരമടച്ച രശീതിയോ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഗുണഭോക്താവ് അവര്‍ താമസിക്കുന്ന ഭൂമിയില്‍ സ്ഥിരതാമസക്കാരനാണെന്നുള്ള റവന്യൂ അധികാരിയുടെ / സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്.  പ്രസ്തുത സന്ദര്‍ഭത്തില്‍ ഗുണഭോക്താവ് തദ്ദേശ സ്ഥാപനവുമായി 12 വര്‍ഷ കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
കൂട്ട് സ്വത്തില്‍ വീട് നിര്‍മ്മിക്കുന്നതിനും കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'സൗഭാഗ്യ' സൗജന്യ വൈദ്യുത കണക്ഷന്‍ ലഭ്യമാകേണ്ട ലൈഫിന്റെ ഗുണഭോക്തൃ പട്ടിക കെ.എസ്സ്.ഇ.ബിയുടെ പ്രാദേശിക ഓഫീസിന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
ലൈഫ് പട്ടികയിലുള്ളൊരു ഗുണഭോക്താവ് അര്‍ഹനല്ലെന്ന് കാണുന്ന പക്ഷം അയാളെ ഒഴിവാക്കുവാന്‍ നിര്‍വ്വഹണ ഉദേ്യാഗസ്ഥന്റെ റിപ്പോര്‍ട്ടി•േല്‍ തദ്ദേശ സ്ഥാപന സമിതി തീരുമാനം കൈക്കൊള്ളേണ്ടതാണ്.  അനര്‍ഹനായ ഒരാള്‍ ആനുകൂല്യം കൈപ്പറ്റിയാല്‍ ഈ തീരുമാനം എടുത്ത കമ്മിറ്റിയ്ക്കും നിര്‍വ്വഹണ ഉദേ്യാഗസ്ഥനും ബാധ്യതയുണ്ടായിരിക്കുമെന്ന് ലൈഫ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

 

date