Skip to main content

ജില്ലയില്‍ 91 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ്

 

 

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 91 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തും. 120 ബൂത്തുകളാണ് പ്രശ്‌നബാധിത ബൂത്തുകളായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. പോളിങ് ദിവസം മോക്‌പോളിങ് ആരംഭിക്കുന്നത് മുതല്‍ പോളിങ് അവസാനിക്കുന്നതു വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും വെബ്കാസ്റ്റിംഗ് നിരീക്ഷണത്തില്‍ ആയിരിക്കും. ഫീല്‍ഡ് തലത്തില്‍ വിവിധ വിഭാഗങ്ങളുടെ മൊബൈല്‍ സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും.

ലൈവ് വെബ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട മുഴുവന്‍ ദൃശ്യങ്ങളും റെക്കോര്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് കെല്‍ട്രോണ്‍ കമ്മീഷന് കൈമാറും. ഇവ നിരീക്ഷിക്കുന്നതിന് കലക്ടറേറ്റിലും സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലും, റൂറല്‍ എസ്.പി ഓഫീസിലും കണ്‍ട്രോള്‍ റൂം സംവിധാനം ഉണ്ടാകും. ജില്ലാതല കണ്‍ട്രോള്‍ റൂമിന്റെ നോഡല്‍ ഓഫീസര്‍ ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജരാണ്.

91 ബൂത്തുകള്‍ക്ക് പുറമെയുള്ള ബൂത്തുകളില്‍ ഇലക്ഷന്‍ കമ്മീഷന്‍ വീഡിയോഗ്രാഫി നടത്തും. പുറമെ സ്ഥാനാര്‍ഥിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തുന്നതിന് ആവശ്യപ്പെടാം. അതിന്റെ ചെലവ് അവര്‍ വഹിക്കണം. പോളിങ് സ്റ്റേഷനില്‍ സ്ഥാനാര്‍ഥികള്‍ക്ക് സ്വന്തം ചെലവില്‍ വീഡിയോഗ്രഫി സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ കോഴിക്കോട്, ഡപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) കോഴിക്കോട് എന്നിവരുടെ പേരിലുള്ള 799011400006652 നമ്പറിലുള്ള സ്‌പെഷ്യല്‍ ട്രഷറി ജോയിന്റ് അക്കൗണ്ടില്‍ 3480 രൂപ അടച്ച് രസീതി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

 

 

--

date