ജില്ലയില്‍ വോട്ടെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജില്ലാ കളക്ടര്‍
കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ആകെ 1409 പോളിംഗ് സ്റ്റേഷനുകളിലായാണ് തെരെഞ്ഞടുപ്പ്. ത്രിതല പഞ്ചായത്തുകളില്‍ നടക്കുന്ന വോട്ടെടുപ്പിന് ബാലറ്റ് യൂനിറ്റുകള്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ ക്രമത്തിലാണ് ക്രമീകരിക്കുന്നത്. നഗരസഭയില്‍ ഒറ്റ ബാലറ്റ് യൂനിറ്റാണ്.
ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 10,48566; പ്രവാസി വോട്ടര്‍മാര്‍ 79
ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 10,48566. ഇതിന് പുറമെ പ്രവാസി വോട്ടര്‍മാര്‍ 79. ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 442893 പുരുഷന്മാരും 478757 സ്ത്രീകളും ആറ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും കൂടി ആകെ 921656 വോട്ടര്‍മാര്‍. ഇതിനു പുറമെ 71 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. മൂന്ന് മുനിസിപ്പാലിറ്റികളിലായി 59123 പുരുഷന്മാരും 67786 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ ആകെ 126910 വോട്ടര്‍മാരും 8 പ്രവാസി വോട്ടര്‍മാരും ഉണ്ട്.
ജില്ലയില്‍ ആകെ 2648 സ്ഥാനാര്‍ഥികള്‍
ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലായി 664 വാര്‍ഡുകളും ഇതില്‍ 1287 പോളിംഗ് സ്റ്റേഷനുകളും ഉണ്ട്. ഗ്രാമപഞ്ചായത്തില്‍ 971 പുരുഷന്മാരും 1020 സ്ത്രീകളും കൂടി ആകെ 1991 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു.
ജില്ലയിലുള്ള 6 ബ്ലോക്ക് പഞ്ചായത്തുകളില്‍ 83 ഡിവിഷനുകള്‍. ഇതില്‍ സ്ഥാനാര്‍ഥികളായി 126 പുരുഷന്മാരും 137 സ്ത്രീകളും കൂടി ആകെ 263 സ്ഥാനാര്‍ഥികള്‍.
ജില്ലയിലുള്ള 3 മുനിസിപ്പാലിറ്റികളിലായി 113 വാര്‍ഡുകള്‍. ഇതില്‍ സ്ഥാനാര്‍ഥികളായി 166 പുരുഷന്മാരും 163 സ്ത്രീകളും കൂടി ആകെ 329 പേര്‍ മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളിലായി 36 പുരുഷന്മാരും 29 സ്ത്രീകളും കൂടി ആകെ 65 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്തു
ജില്ലയില്‍ ആവശ്യത്തിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ ലഭ്യമാണ്. നഗരസഭകളില്‍ പോളിംഗിനായി 122 സിംഗിള്‍ പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും ഗ്രാമപഞ്ചായത്തുകളില്‍ 1287 മള്‍ട്ടിപോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും ആവശ്യമാണ്. തെരഞ്ഞെടുപ്പിന് ആവശ്യമായ മുഴുവന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും 20% അധികം ഉള്‍പ്പെടെ അതാത് ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ഡിസംബര്‍ എട്ടിന് വിതരണം ചെയ്തു.
കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇലക്ഷന്‍ സാമഗ്രികളും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനുകളിലേക്ക് വിതരണം ചെയ്യുന്നതിനായി നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ കോവിഡ് സുരക്ഷയുടെ ഭാഗമായി പോളിംഗ് സ്റ്റേഷനില്‍ ഉപയോഗിക്കുന്നതിനായി 9863 ലിറ്റര്‍ സാനിറ്റൈസര്‍, അതോടൊപ്പം മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
8527 പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചു
ജില്ലയിലെ തെരെഞ്ഞെടുപ്പ് ജോലിക്കായി 20% റിസര്‍വ്വ് ഉള്‍പ്പെടെ 8527 പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവ് നല്‍കി. ഇതില്‍ 3752 പുരുഷന്മാരും 4775 സ്ത്രീകളും ഉള്‍പ്പെടുന്നു. പ്രിസൈഡിംഗ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയായി. ഇതില്‍ 1709 പ്രിസൈഡിംഗ് ഓഫീസര്‍മാരും 1709 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 3400 പോളിംഗ് ഓഫീസര്‍മാരും 1709 പോളിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെടുന്നു. ജില്ലയില്‍ 86 സെക്ടറല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം ജില്ലാ തലത്തില്‍ നടന്നു. വിവിധ തെരെഞ്ഞെടുപ്പ് ജോലികള്‍ ഏകോപിപ്പിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നീ തസ്തികകളിലുള്ള 18 നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു ഉത്തരവായി.
ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ വോട്ടെടുപ്പിന് സജ്ജമാക്കുന്ന കമ്മീഷനിംഗ് പ്രവൃത്തികള്‍ക്ക് ചുമതലപ്പെടുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ബ്ലോക്ക്/മുനിസിപ്പല്‍ തലത്തില്‍ പരിശീലനം നല്കി. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഡിസംബര്‍ 11നും പോളിംഗ് സാമഗ്രികളുടെ വിതരണം സ്വീകരണ ചുമതലയുള്ളവര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് ചുമതലയുള്ളവര്‍ക്കുമുളള പരിശീലനം ഡിസംബര്‍ 12നും പൂര്‍ത്തിയാക്കും.
സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം പുരോഗമിക്കുന്നു
കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനത്തില്‍ കൂടി വോട്ട് രേഖപ്പെടുത്തുന്നതിന് ജില്ലയില്‍ 30 സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറേയും 30 പോളിംഗ് അസിസ്റ്റന്റിനെയും നിയമിച്ചിട്ടുണ്ട്. ഇവരെ ബ്ലോക്ക്/ മുനിസിപ്പാലിറ്റി തിരിച്ച് നിയോഗിച്ച് പ്രവര്‍ത്തനം ഡിസംബര്‍ അഞ്ചിന് ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 10 വൈകീട്ട് അഞ്ച് മണിവരെ ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭ്യമായിട്ടുള്ള സര്‍ട്ടിഫൈഡ് ലിസ്റ്റ് പ്രകാരം ക്വാറന്റൈനിലും പോസിറ്റീവ് കേസും ഉള്‍പ്പെടെ 2578 വോട്ടര്‍മാരാണ് ഉള്ളത്. ഇവരില്‍ 1077പേര്‍ക്ക് ഇതിനോടകം സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 13 ഉച്ച മൂന്ന് മണിക്ക് ശേഷം കോവിഡ് പോസിറ്റീവായര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സുരക്ഷ ഉറപ്പുവരുത്തി പോളിംഗ് ദിനത്തില്‍ വൈകീട്ട് 5 മണിമുതല്‍ 6 മണിവരെ പോളിംഗ് സ്റ്റഷനുകളിലെത്തി, ക്യൂവില്‍ സാധാരണ വോട്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവര്‍ വോട്ടുചെയ്തതിനുശേഷം വോട്ടു രേഖപ്പെടുത്താവുന്നതാണ്.
തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ജില്ലയിലെ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ കിട്ടുന്ന മുറക്ക് അതാത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ നല്‍കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
വിതരണ കൗണ്ടറില്‍ പ്രിസൈഡിംഗ് ഓഫീസര്‍,
ഫസ്റ്റ് പോളിംഗ് ഓഫീസര്‍ മാത്രം
ജില്ലയില്‍ 9 കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക് /മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഡിസംബര്‍ 13ന് രാവിലെ 8 മണിക്ക് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതല്‍ 9.30 വരെ, 9.30 മുതല്‍ 11 മണി വരെ, 11 മണി മുതല്‍ 12.30 വരെ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് വിതരണം. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ മാത്രമേ കൗണ്ടറില്‍ പ്രവേശിക്കേണ്ടതുള്ളൂ. മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ അനുവദിച്ച വാഹനത്തില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കൗണ്ടര്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, റൂട്ട് ഓഫീസര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വിതരണകേന്ദ്രത്തില്‍ പ്രവേശനം ഉണ്ടാകും. അതാത് റൂട്ട് ഓഫീസര്‍, കൗണ്ടര്‍ അസിസ്റ്റന്റ് എന്നിവരായിക്കും പോളിംഗ് സാധനസാമഗ്രികള്‍ അടങ്ങിയ ബാഗുകള്‍ വാഹനത്തില്‍ എത്തിക്കുന്നത്. ഇലക്ടോണിക് വോട്ടിംഗ് യന്ത്രം, പേപ്പര്‍ സീല്‍, സീലുകള്‍, മറ്റു സാമഗ്രികള്‍ എന്നിവ പ്രിസൈഡിംഗ് ഓഫീസര്‍/ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരാണ് നിശ്ചയിച്ച കൗണ്ടറില്‍ നിന്നും സ്വീകരിക്കേണ്ടത്.
റിസര്‍വിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിതരണ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് ഇരിക്കാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസം, ഓരോ സമയത്തും രേഖപ്പെടുത്തിയ വോട്ടുകളുടെ ശതമാനം മുതലായവ സംസ്ഥാന തെരഞ്ഞെടുപ്പ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്കും ലഭ്യമാക്കുന്നതിന് പോള്‍ മാനേജര്‍ ആപ്പ് സംവിധാനം ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കെ.എസ്.ആര്‍.ടി.സി
പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഡ്യൂട്ടിക്ക് എത്തിച്ചേരുന്നതിനായി കെ.എസ്.ആര്‍.ടി.സി വാഹന സൗകര്യം ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പുകളിലുള്ള 121 വാഹനങ്ങള്‍ നിലവില്‍ ഉപയോഗിച്ചുവരുന്നു. പോളിംഗുമായി ബന്ധപ്പെട്ട് ബസ്, ജീപ്പ്, ട്രാവലര്‍ തുടങ്ങിയ ഇനത്തിലുള്ള 790 സ്വകാര്യ വാഹനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
84 ക്രിട്ടിക്കല്‍ ബൂത്തുകളും 43 വള്‍നറബിള്‍ ബൂത്തുകളും
ജില്ലയില്‍ ആകെ 84 ക്രിട്ടിക്കല്‍ ബൂത്തുകളും 43 വള്‍നറബിള്‍ ബൂത്തുകളും മാവോയിസ്റ്റ് സാന്നിധ്യമുള്ള 8 ബൂത്തുകളും ഉണ്ട്. കൂടാതെ ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ പോലീസ് മേധാവിയും പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളും ഉണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച 99 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്/വീഡിയോഗ്രാഫി സംവിധാനം ഒരുക്കിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രകാരം 134 ബൂത്തുകളിലും ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ പോലീസ് മേധാവിയും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളിലും കൂടി ആകെ ജില്ലയില്‍ 256 ബുത്തുകളില്‍ വെബ്കാസ്റ്റ്/വീഡിയോഗ്രാഫി സംവിധാനം ഒരുക്കിയിട്ടുണ്ട്.
മദ്യം, പണം വിതരണം കണ്ടെത്താന്‍ പരിശോധന
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി വോട്ടര്‍മാര്‍ക്ക് മദ്യവും പണവും വിതരണം ചെയ്യുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളനികള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടിച്ചേരുന്ന 123 കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് രഹസ്യനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് ശേഷം കമീഷന് നല്‍കുമെന്നും മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയാല്‍ അയോഗ്യരാക്കുന്നതുള്‍പ്പെടെ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രചാരണത്തിലും വോട്ടിങ്ങിലും കോവിഡ് പ്രോട്ടോക്കോള്‍
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ സഹകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പ് പാലിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വരെ ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
പോളിംഗ് ബൂത്തുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പോളിംഗ് നടത്തുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും, ഉദ്യോഗസ്ഥരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് ജില്ലാ കുടുംബശ്രീമിഷന്‍ മുഖാന്തിരം കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കുന്നതിന് സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന്റെ സ്റ്റാള്‍ കുടുംബശ്രീ ക്രമീകരിച്ചിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചവര്‍ക്കുമുള്ള ഭക്ഷണവും ലഭ്യമാണ്. 16ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
സമ്മതിദായര്‍ക്ക് നിര്‍ഭയമായും നിഷ്പക്ഷമായും വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇതിനോടകം ജില്ലയില്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ. രമേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments