തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത ബൂത്തുകള്‍ ഒരുങ്ങി
തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച് നടത്തുന്നതിന് ജില്ലയിലെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. മെടഞ്ഞ ഓലയും പനമ്പും കൊണ്ട് സ്വാഗത ബോര്‍ഡുകള്‍, മണ്‍കുടത്തില്‍ കുടിവെള്ളം, സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഇലയില്‍, ഉപയോഗ ശേഷം വലിച്ചെറിയാതെ മാലിന്യം തരം തിരിച്ചു ശേഖരിക്കാന്‍ ഓല കൊണ്ടു മെടഞ്ഞ വല്ലങ്ങള്‍ എന്നിവയാണ് മാതൃക ബൂത്തുകളില്‍ സജ്ജീകരിക്കുക. ബ്ലോക്ക്, കോര്‍പ്പറേഷന്‍ തലത്തില്‍ ഓരോ മാതൃക ബൂത്തുകളാണ് തയ്യാറാക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ബൂത്തുകളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുക.
ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയുംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിര്‍ദേശ പ്രകാരമാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുത്ത മാതൃക ബൂത്തുകള്‍ ഹരിതാഭമാക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള നിരോധിത സാമഗ്രികള്‍ പോളിങ് ബൂത്ത് പരിസരത്ത് ഉപയോഗിക്കാന്‍ അനുവദിക്കില്ല.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ കാവുന്തറ എ.യു.പി സ്‌കൂള്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഇരുവള്ളൂര്‍ ജി.യു.പി.എസ്, കൊടുവള്ളിയില്‍ ജി.എല്‍.പി സ്‌കൂള്‍ ചെമ്പ്ര, കോഴിക്കോട് ഓഫ്‌ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ബില്‍ഡിംഗ്, കുന്നമംഗലത്ത് എ.യു.പി.എസ് കുന്നമംഗലം, കുന്നുമ്മല്‍ ബ്ലോക്കില്‍ ജി.യു.പി.എസ് വട്ടോളി, മേലടിയില്‍ തിക്കോടി മാപ്പിള എല്‍.പി സ്‌കൂള്‍, പന്തലായനിയില്‍ ആന്തട്ട ജിയുപിഎസ്, പേരാമ്പ്രയില്‍ കൂത്താളി എ.യു.പി സ്‌കൂള്‍ സെന്‍ട്രല്‍ പാര്‍ട്ട്, തോടന്നൂരില്‍ മാപ്പിള എല്‍.പി സ്‌കൂള്‍, തൂണേരിയില്‍ കെ.ആര്‍.എച്ച്.എസ്.എസ് പുറമേരി, വടകരയില്‍ ചോമ്പാല്‍ നോര്‍ത്ത് എല്‍.പി സ്‌കൂള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സിവില്‍ സ്റ്റേഷന്‍ എല്‍.പി സ്‌കൂള്‍ എന്നിവയാണ് മാതൃകാ ഹരിത ബൂത്തുകള്‍.
- Log in to post comments