Skip to main content

തദ്ദേശതിരഞ്ഞെടുപ്പ് : ജില്ലയിൽ 18 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

 

ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലെയും 6 നഗരസഭകളിലെയും വോട്ടെണ്ണൽ 18 കേന്ദ്രങ്ങളിലായി ഡിസംബർ പതിനാറാം തിയതി (ബുധനാഴ്ച) നടക്കും. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക.

തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന അരൂക്കുറ്റി, ചേന്നംപള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണൽകേന്ദ്രം ചേർത്തല എസ് എൻ പുരം എൻ എസ് എസ് കോളേജാണ്. പട്ടണക്കാട് ബ്ലോക്കിന്റെ പരിധിയിൽവരുന്ന അരൂർ, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ, പട്ടണക്കാട്, വയലാർ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ തുറവൂർ റ്റി ഡി എച്ച് എസ് എസിലും, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, ചേര്‍ത്ത തെക്ക്, തണ്ണീർമുക്കം, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലും നടക്കും.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മുഹമ്മ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ കേന്ദ്രം കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണൽ കേന്ദ്രം അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളുമാണ്.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന എടത്വ, ചമ്പക്കുളം, തകഴി, നെടുമുടി, തലവടി, കൈനകരി ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം എടത്വ സെന്റ് അലോഷ്യസ് കോളേജും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കാവാലം, പുളിങ്കുന്ന്, നീലംപേരൂർ, മുട്ടാർ, വെളിയനാട്, രാമങ്കരി ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണൽ കേന്ദ്രം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുട്ടാറുമാണ്.

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ചെറിയനാട്, ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ, മുളക്കുഴ, വെൺമണി ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളേജ് ഓഫ് എഞ്ചിനീയറിംഗും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കാര്‍ത്തികപ്പള്ളി, തൃക്കുന്നപ്പുഴ, കുമാരപുരം, കരുവാറ്റ, പള്ളിപ്പാട് ചെറുതന, വീയപുരം ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജിലുമാണ്.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മാവേലിക്കര തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുംതുറ, തഴക്കര, മാന്നാർ ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ചുനക്കര, നൂറനാട്, പാലമേൽ, ഭരണിക്കാവ്, മാവേലിക്കര താമരക്കുളം, വള്ളികുന്നം ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ചാരുംമൂട് പറയൻകുളം സെന്റ് ജോസഫ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ചിങ്ങോലി, കൃഷ്ണപുരം, ആറാട്ടുപുഴ, മുതുകുളം, ചേപ്പാട്, കണ്ടല്ലൂർ, പത്തിയൂർ, ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ മുതുകുളം സമാജം എച്ച് എസ് എസിലും നടക്കും.

കായംകുളം നഗരസഭ പരിധിയിൽ വരുന്ന വാർഡുകളുടെ വോട്ടെണ്ണൽ കായംകുളം നഗരസഭ ഓഫീസിലും മാവേലിക്കര നഗരസഭയിലെ വോട്ടെണ്ണൽ മാവേലിക്കര നഗരസഭ ഓഫീസിലും ചെങ്ങന്നൂർ നഗരസഭയിലെ വോട്ടെണ്ണൽ അങ്ങാടിക്കൽ തെക്ക് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും, ചേർത്തല നഗരസഭയിലെ വോട്ടെണ്ണൽ ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലും ആലപ്പുഴ നഗരസഭയിലെ വോട്ടെണ്ണൽ ആലപ്പുഴ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഹരിപ്പാട് നഗരസഭയിലെ വോട്ടെണ്ണൽ ഹരിപ്പാട് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും വെച്ച് നടക്കും.

date