അന്ധകാരനഴി പൊഴി മുഖം : വടക്കേ ഷട്ടർ 11/12/2020ന് തുറക്കും
ആലപ്പുഴ : അന്ധകാരനഴി പൊഴിമുഖത്തെ വടക്കേ ഷട്ടർ നിലവിലെ സാഹചരത്തിൽ തുറക്കാൻ തീരുമാനമായി. ഇന്ന് ( 11/12/2020 വെള്ളിയാഴ്ച ) വേലിയിറക്ക സമയത്ത് തുറക്കാൻ ആണ് തീരുമാനം. ജില്ലാ കളക്ടർ എ അലക്സാണ്ടർ വിളിച്ചുചേർത്ത അന്ധകാരനഴി ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ വേലിയേറ്റം, വേലിയിറക്കത്തിന് അനുസരിച്ച് വടക്കേ ഷട്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം, പൊഴിമുഖത്തെ തെക്കേ ഷട്ടർ വേലിയേറ്റം വേലിയിറക്കത്തിനനുസരിച്ചു നിയന്ത്രിക്കുവാനും തീരുമാനിച്ചു.
വേലിയേറ്റം തടയുന്നതിനായി പട്ടണക്കാട്, അരൂർ, കുത്തിയതോട്, കോടംതുരുത്ത്, കടക്കരപ്പള്ളി, എഴുപുന്ന, തുറവൂർ പഞ്ചായത്തുകളിൽ ഓരുമുട്ടുകൾ സ്ഥാപിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തികൾ ഉടൻ ആരംഭിക്കാൻ ഇറിഗേഷൻ വകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. വേലിയേറ്റ സമയത്ത് തീരത്ത് അന്ധകാരനഴി പൊഴിമുഖത്ത് അടിയുന്ന മണൽ കടത്തുന്നത് കുറ്റകരമാണെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. മണൽ കടത്ത് നിരീക്ഷിക്കുവാൻ 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് പൊലീസും യോഗത്തിൽ അറിയിച്ചു.
കൃഷിയുടെ ആവശ്യത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും കടലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് തെക്കുഭാഗത്തും വടക്കുഭാഗത്തുമുള്ള രണ്ടു റെഗുലേറ്ററുകൾ സ്ഥാപിച്ചിട്ടുള്ളത്. സർക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ കൃഷി ചെയ്യുന്നതിന് രണ്ട് റെഗുലേറ്ററുകളുടെയും എല്ലാ ഷട്ടറുകളും നവംബർ 15 മുതൽ ഏപ്രിൽ 30 വരെ മത്സ്യ കൃഷി ചെയ്യുന്നതിന് തുറന്നിടമെന്ന് ഹൈക്കോടതി വിധി ഉണ്ടായിരുന്നു. എന്നാൽ ഈ വിധിക്കെതിരെ ജില്ല കളക്ടർ സമർപ്പിച്ച അപ്പീലിൽ വടക്ക് ഭാഗത്തെ ഷട്ടറുകൾ മാത്രം നവംബർ 15 മുതൽ ഏപ്രിൽ 30 വരെ ( അടിയന്തിര സാഹചര്യം ഒഴികെ ) തുറക്കാൻ ഹൈക്കോടതി വിധി ഉണ്ടാകുകയായിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഷട്ടർ തുറക്കാനുള്ള തീരുമാനം.
വേലിയേറ്റവും വേലിയിറക്കവും ബാധിക്കുന്ന പട്ടണക്കാട്, കുത്തിയതോട്, കടക്കരപ്പള്ളി പഞ്ചായത്തുകളിൽ നെൽ കൃഷിയും പച്ചക്കറി കൃഷിയും നടക്കുകയാണ്. ഈ സാഹചര്യത്തിൽ അഴി നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് ബന്ധപ്പെട്ട കൃഷി ഓഫീസർമാർ യോഗത്തിൽ ആവശ്യപ്പെട്ടു.
ഓൺലൈൻ വഴി നടന്ന യോഗത്തിൽ അന്ധകാരനഴി ഉപദേശക സമിതി അംഗങ്ങൾക്കു പുറമെ, ഡെപ്യൂട്ടി കളക്ടർ ആശാ സി എബ്രഹാം ( ദുരന്ത നിവാരണം ), ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജയകുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ മേഘാശാലി, ഡി എം സി സൂപ്രണ്ട് പ്രദീപ്, ചേർത്തല തഹസിൽദാർ ഉഷ, ഫിഷറീസ് ഉപ ഡയറക്ടർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments