കോവിഡ്: ശബരിമല ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണം: ഡി.എം.ഒ
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു.
ഇതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. സാമൂഹിക അകലം പാലിക്കുക. ഓഫീസുകള്‍, പൊതു ഇടങ്ങള്‍ എന്നിവയ്ക്ക് പുറമെ ജീവനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മെസ് ഹാളുകളിലും, കാന്റീനുകളിലും തിരക്ക് കൂട്ടരുത്. സുരക്ഷിതമായ അകലം പാലിക്കുകയും, കൈകളും പാത്രങ്ങളും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുക. നിര്‍ദ്ദേശിക്കുന്ന സമയങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാകുക. ശ്രദ്ധയോടെ പെരുമാറിയാല്‍ ജീവനക്കാര്‍ക്കിടയിലെ കോവിഡ് വ്യാപനം തടയാനാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അഭിപ്രായപ്പെട്ടു.
- Log in to post comments