തദ്ദേശ തെരഞ്ഞെടുപ്പ്; വിധിപ്രഖ്യാപനം 16 ന്
ഉച്ചയോടെ പൂർണ്ണഫലം ലഭ്യമാകും
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഡിസംബർ 16ന് രാവിലെ എട്ടു മുതൽ ആരംഭിക്കും. ആദ്യ ഫല സൂചനകൾ രാവിലെ 8.15 മുതൽ ലഭിച്ച് തുടങ്ങും. ഒൻപത് മണിയോടെ കുറവ് വാർഡുകളുള്ള പഞ്ചായത്തുകളുടെ ഫലം പുറത്തുവരും. ഉച്ചയോടെ മുഴുവൻ പഞ്ചായത്തുകളുടെയും ഫലം ലഭ്യമാകും. 20 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിൽ 1500 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണുക. എട്ട് ബൂത്തിന് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണൽ നില ട്രെൻഡ് അപ്ലിക്കേഷനിലേക്ക് നൽകുന്നതിന് ടെക്‌നിക്കൽ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
കൗണ്ടിങ് ഉദ്യോഗസ്ഥർ, ഡ്യൂട്ടിയിലുള്ള റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പാസ് അനുവദിച്ചിട്ടുള്ള ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ, സ്ഥാനാർത്ഥികൾ, കൗണ്ടിങ് പാസ് ലഭിച്ച ഏജന്റ്മാർ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് വോട്ടെണ്ണൽ പ്രക്രിയ പൂർത്തീകരിക്കുക.
- Log in to post comments