വോട്ടെണ്ണലിനു കര്‍ശന സുരക്ഷ, പ്രത്യേക നിരീക്ഷണം
ജില്ലയിലെ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചു. ജില്ലയിലെമ്പാടും പൊലീസിന്റെ പ്രത്യേക പട്രോളിങ് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം നഗര പരിധിയില്‍ രണ്ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കോര്‍പ്പറേഷന്റെ വോട്ടെണ്ണല്‍ നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സര്‍വോദയ വിദ്യാലയ ഐ.സി.എസ്.ഇ. സ്‌കൂളിലും പോത്തന്‍കോട് ബ്ലോക്കിന്റെ വോട്ടെണ്ണുന്ന കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് നഗര പരിധിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ഇവിടങ്ങളിലേക്ക് 700 പൊലീസ് ഉദ്യോഗസ്ഥരെയാണു ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകളായാണു സുരക്ഷാ വിന്യാസം നടത്തിയിട്ടുള്ളത്. ഇതിനു പുറമേ പ്രശ്‌ന സാധ്യതാ മേഖലകളില്‍ പ്രത്യേക സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.
നഗര പരിധിക്കു പുറത്തുള്ള 14 കൗണ്ടിങ് കേന്ദ്രങ്ങളും പൊലീസിന്റെ കര്‍ശന സുരക്ഷയിലായിരിക്കും. ഓരോ കേന്ദ്രത്തിലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക ചുമതല നല്‍കിയാണു സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിജയാഹ്ലാദ പ്രകടനങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ഓരോ പാര്‍ട്ടികള്‍ക്കും പ്രത്യേക സമയം നല്‍കും. മദ്യപിച്ചു വാഹനമോടിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
- Log in to post comments