Skip to main content

പരമാവധി സ്‌കൂളുകളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

 സാമ്പത്തിക ബാധ്യത ഒഴിവാക്കി പരമാവധി സ്‌കൂളുകളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംസ്ഥാനതല വാര്‍ഷിക സമ്മര്‍ ക്യാമ്പില്‍ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
    കേരളം രാജ്യത്തിനു സമ്മാനിച്ച അഭിമാന പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നാം ആരംഭിച്ചത്. ഇപ്പോള്‍ 574 സ്‌കൂളുകളിലായി 50,000 ത്തിലേറെ കുട്ടികള്‍ ഈ പദ്ധതിയില്‍ പരിശീലനം നേടുന്നു. വിജയകരമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി ഏതാണ്ടെല്ലാ സ്‌കൂളുകളും ആവശ്യം ഉന്നയിക്കുന്നുണ്ട്. പുതുതായി 100 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടി ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ആദ്യപടിയായി 71 സ്‌കൂളുകളില്‍ എസ്.പി.സി യൂണിറ്റ്  അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
    മതനിരപേക്ഷത സംരക്ഷിക്കുകയെന്നത് വിദ്യാര്‍ത്ഥികള്‍ കടമയായി കാണണം. പൊതു താത്പര്യത്തിനെതിരായ കാര്യങ്ങളെ കൂട്ടായി എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണം. വിദ്യാലയ പരിസരം പലവിധ ശക്തികള്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന കാര്യം സ്റ്റുഡന്റ്‌സ് പോലീസ് ജാഗ്രതയോടെ കാണണം പിഞ്ചുകുഞ്ഞുങ്ങളെ ലഹരിക്കടിപ്പെടുത്താനും മറ്റുമുള്ള സാമൂഹ്യവിരുദ്ധ ശക്തികളുടെ നീക്കം പ്രതിരോധിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നായി അറുനൂറോളം കേഡറ്റുകളാണ് സമ്മര്‍ക്യാമ്പില്‍ പരിശീലനം നേടിയത്. പരേഡില്‍ പങ്കെടുത്ത മികച്ച പ്ലറ്റൂണുകള്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ് പദ്ധതി നോഡല്‍ ഓഫീസര്‍ ഐജി പി. വിജയന്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.1492/18

date