Skip to main content

എറണാകുളം വാര്‍ത്തകള്‍

കൃഷിഭൂമി വായ്പാ പദ്ധതി

 

കൊച്ചി: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന പുതിയ കൃഷിഭൂമി വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിന് പട്ടികജാതിയില്‍പ്പെട്ട അര്‍ഹരായ ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപയാണ് പദ്ധതി തുക. 

അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 21 നും 55 നും ഇടയില്‍ പ്രായമുളളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുളളവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളിലുളളവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. വായ്പ ലഭിക്കുന്നവര്‍ വായ്പ തുക കൊണ്ട് വരുമാനദായകമായ 30 സെന്റ് കൃഷിഭൂമിയെങ്കിലും വാങ്ങിയിരിക്കണം. മൊത്തം പദ്ധതി തുകയില്‍ പരമാവധി 50,000 രൂപ വരെ സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്ക് സബ്‌സിഡിയായി ലഭിക്കും. വായ്പാ തുക നിശ്ചിത കാലപരിധിക്കുളളില്‍ ആറ് ശതമാനം പലിശ സഹിതം തിരിച്ചടക്കേണ്ടതാണ്. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ രണ്ട് ശതമാനം പിഴപ്പലിശ കൂടി അടയ്‌ക്കേണ്ടി വരും. വാങ്ങുന്ന ഭൂമി കൃഷിഭൂമിക്കനുയോജ്യമായിരിക്കേണ്ടതും അപേക്ഷകന്റെയും ഭാര്യ അഥവാ ഭര്‍ത്താവ് എന്നിവരുടെയും കൂട്ടുടമസ്ഥതയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും വായ്പ തിരിച്ചടവ് പൂര്‍ണ്ണമായി തീരുന്നതുവരെ കോര്‍പ്പറേഷന് പണയപ്പെടുത്തേണ്ടതുമാണ്.

ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ ചെലവുകള്‍ ഗുണഭോക്താവ് സ്വയം വഹിക്കണം. ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുളളൂ. അപേക്ഷകര്‍ വിവാഹിതരായിരിക്കണം. മുമ്പ് കോര്‍പറേഷനില്‍ നിന്നും കൃഷിഭൂമി വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ അര്‍ഹരല്ല. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച നിബന്ധനകള്‍ കോര്‍പറേഷന്റെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും.

താത്പര്യമുളളവര്‍ക്ക് അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ജാതി, കുടുംബ വാര്‍ഷിക വരുമാനം (ആറ് മാസത്തിനുളളില്‍ ലഭിച്ചത)്, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം മെയ് 20-ന് വൈകിട്ട് അഞ്ചിന് മുമ്പായി വൈറ്റിലയിലുളള ജില്ലാ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2302663.

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: ഐ.സി.ഡി.എസ് കോതമംഗലം അഡീഷണല്‍ പ്രോജകട് ഓഫീസിന് 2019 മാര്‍ച്ച് 31 വരെ വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 11-ന് ഉച്ചയ്ക്ക് 1.30 വരെ ടെന്‍ഡര്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ശിശുവികന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍  0485-2859161.

 

ഭിന്നശേഷിക്കാരുടെ മികവിന് ഊന്നല്‍ നല്‍കി പരിശീലനം

 

കൊച്ചി: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ മികവിന് ഊന്നല്‍ നല്‍കിക്കൊണ്ടുളള ജില്ലാതല റിസോഴ്‌സ് അധ്യാപക പരിശീലനം എസ്.എസ്.എ യുടെ നേതൃത്വത്തില്‍ ആലുവ ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ നടന്നു. ഓരോ വിദ്യാലയവും ഓരോ ക്ലാസും ഓരോ കുട്ടിയും കൂടുതല്‍ മികവിലേക്ക് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 25 നു തുടങ്ങുന്ന പ്രൈമറി അധ്യാപക പരിശീലനത്തിനു മുന്നോടിയായിട്ടാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചിട്ടുളളത്.

ക്ലാസിലെ ഭിന്നശേഷിക്കാരായ കുട്ടികളെ തിരിച്ചറിയല്‍, അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യല്‍, പഠന പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍, വിവിധ പഠനോവകരണങ്ങള്‍ രൂപപ്പെടുത്തല്‍, പഠനമികവ് പുലര്‍ത്താനുളള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കല്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശീലനം. ഓരോ ക്ലാസിലെയും പഠന നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഓരോ കുട്ടിയും എത്രമാത്രം മികവ് പുലര്‍ത്തിയിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാകും ഇനി മുതല്‍ പഠനപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. എല്ലാ കുട്ടികളെയും മികവിലേക്കു നയിക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. ഓരോ സബ് ജില്ലയില്‍ നിന്നും നാല് റിസോഴ്‌സ് അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഓരോ സബ്ജില്ലയിലെയും റിസോഴ്‌സ് അധ്യാപക പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇവരായിരിക്കും. ഭിന്നനിലവാരക്കാരായ കുട്ടികളുടെ പഠനമികവ് ലക്ഷ്യമിട്ടു കൊണ്ടുളള എട്ടു ദിവസത്തെ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായാണിതെന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

 

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ 

പരീക്ഷാപരിശീലനം 

 

കൊച്ചി: ആലുവ സബ് ജയില്‍ റോഡിലെ ഗവ. പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്കും. റെയില്‍വേ -അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഗ്രൂപ്പ് ഡി, പി എസ് സി - എല്‍ ഡി സി ഖാദി ബോര്‍ഡ് (221/16), ലബോറട്ടറി അസിസ്റ്റന്റ് (41/2017), പ്രൊസസ്സ് സെര്‍വര്‍ (353/16)  എന്നീ തസ്തികളിലേക്കുള്ള പരീക്ഷകള്‍ക്കാണ് പരിശീലനം.

ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള പിന്നാക്ക, ന്യൂനപക്ഷ സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 400 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ ആറ് മാസത്തിനകമുളള  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും  സഹിതം  ഏപ്രില്‍ 30-ന് മുമ്പായി രക്ഷിതാവിനോടൊപ്പം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  

ഫോണ്‍ : 0484-2623304.

 

മൂന്നാര്‍ ഫ്‌ളവര്‍ ഷോയും ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനുമായി ഡിടിപിസി യുടെ ടൂര്‍ പാക്കേജ്

 

കൊച്ചി: വിനോദ സഞ്ചാരികള്‍ക്കായി ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ ഏകദിന മൂന്നാര്‍ യാത്രാ പാക്കേജ് മെയ് അഞ്ച് മുതല്‍ ആരംഭിക്കും. ഡിടിപിസി യുടെ അംഗീകൃത സേവന ദാതാക്കളായ ട്രാവല്‍മേറ്റ് സൊല്യൂഷനാണ് പാക്കേജ് നടത്തുന്നത്. ഒരാള്‍ക്ക് കേവലം 1200 രൂപയാണ് മൂന്നാര്‍ പാക്കേജിനായി നിശ്ചയിച്ചിട്ടുള്ളത്. ഭക്ഷണം, പ്രവേശന ടിക്കറ്റ്, ഗൈഡ് സര്‍വീസ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. 

മൂന്നാര്‍ ഫ്‌ളവര്‍ഷോയും കൂടാതെ പ്രവേശനം പുനരാരംഭിച്ച ഇരവികുളം ദേശീയ ഉദ്യാനവും പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കാം. 

രാവിലെ  6:45 ന് ആരംഭിച്ച് വൈകിട്ട് ഒമ്പതിനുള്ളില്‍ തിരികെയെത്തുന്ന പാക്കേജിലേക്ക് ബുക്കിംഗ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും എറണാകുളം ഡിടിപിസി ഓഫീസിലോ കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ ബന്ധപ്പെടുക. വെബ്‌സൈറ്റ്:www.keralactiytour.com, ഫോണ്‍ 0484 236 7334, 918893998888.

date