പുരാരേഖകള്‍ ചരിത്രത്തെ ഓര്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു: മന്ത്രി ഡോ. ടി.എം. തോമസ് ഐസക് *കുട്ടികളുമായി മന്ത്രി സംവദിച്ചു
ചരിത്രത്തെ സംബന്ധിച്ച വിലയേറിയ വിവരങ്ങളാണ് പുരാരേഖകളിലുള്ളതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പുരാരേഖകളിലെ വിവരങ്ങള്‍ ചരിത്രത്തെ വളരെക്കാലം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ആര്‍കൈവ്സ് വകുപ്പ് സംഘടിപ്പിച്ച മധ്യവേനല്‍ അവധി ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പഴയകാല രേഖകള്‍ സൂക്ഷിച്ചു വയ്ക്കുന്നതിന്റെ പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് അദ്ദേഹം പറഞ്ഞു കൊടുത്തു. നോട്ടീസുകള്‍ പോലും നമ്മുടെ കാലഘട്ടത്തെ രേഖപ്പെടുത്തുന്നതാണെന്ന് നാം പലപ്പോഴും ഓര്‍ക്കാറില്ല.
താന്‍ രചിച്ച ഒരു പുസ്തകത്തിലെ ഒരധ്യായം പഴയകാലത്തെ അറുനൂറോളം നോട്ടീസുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് മന്ത്രി അറിയിച്ചപ്പോള്‍ കുട്ടികള്‍ക്ക് വിസ്മയമായി. കുട്ടികള്‍ അവരുടെ വീടുകളിലുള്ള പഴയ ഫോട്ടോകള്‍, ഡയറികള്‍, പുസ്തകങ്ങള്‍, പഴയകാലത്തെ സാധനങ്ങള്‍ എന്നിവ ശേഖരിച്ച് കുട്ടികളുടെ ആര്‍കൈവ്സ് ഉണ്ടാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുട്ടികള്‍ ശേഖരിച്ച വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രദര്‍ശനം ഇന്ന് (25) രാവിലെ 10.30 മുതല്‍ സെന്‍ട്രല്‍ ആര്‍കൈവ്സില്‍ സംഘടിപ്പിക്കുമെന്ന് പുരാരേഖാ വകുപ്പ് ഡയറക്ടര്‍ പി. ബിജു അറിയിച്ചു.
കുട്ടികളുമൊത്ത് സെല്‍ഫിയെടുത്തും കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും മന്ത്രി ഒരുമണിക്കൂറോളം ചെലവിട്ടു. പുരാരേഖാ വകുപ്പ് ഡയറക്ടര്‍ പി. ബിജു സംബന്ധിച്ചു.
പി.എന്‍.എക്സ്.1502/18
- Log in to post comments