Skip to main content

ലൈഫിൽ മുന്നേറി ജില്ല;  17058 പേർക്ക് സ്വന്തം വീട്

 

എറണാകുളം: തലചായ്ക്കാന്‍ സ്വന്തമായൊരു വീട് എന്ന ലക്ഷക്കണക്കിനാളുകളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ലൈവ്‌ലിഹുഡ്, ഇന്‍ക്ലൂഷന്‍, ആന്‍ഡ് ഫിനാന്‍ഷ്ല്‍ എംപവര്‍മന്റ് അഥവാ ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പിൽ മികച്ച പ്രവർത്തനവുമായി എറണാകുളം ജില്ല.  പദ്ധതിയുടെ ഭാഗമായി മൂന്നു ഘട്ടങ്ങളിലായി ഇതുവരെ ജില്ലയിൽ ആകെ 17,058 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും ജില്ല തന്നെയായിരുന്നു മുന്നിൽ. ആദ്യഘട്ടത്തിൽ 99.44 % വും രണ്ടാം ഘട്ടത്തിൽ 95% വും ആയിരുന്നു വീടുകളുടെ പൂർത്തീകരണം. മൂന്നാം ഘട്ടത്തിൽ ഭൂമിയില്ലാത്ത ഭവന രഹിതർക്ക് വീടും സ്ഥലവും നൽകുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതുപ്രകാരം 1470 പേർക്കാണ് ജില്ലയിൽ ഭൂമി കണ്ടെത്തി വീട് നിർമ്മിച്ചു നൽകിയിരിക്കുന്നത്. കൂടാതെ, പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട 1703 പേർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള കരാറിലേർപ്പെട്ടു കഴിഞ്ഞു. ഭവനരഹിതർക്കായി 26 സ്ഥലങ്ങളിലായി 4905 സെൻ്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 

ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 24 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 223.98 കോടിയും മൂന്നാം ഘട്ടത്തിൽ 36.64 കോടിയും ഉൾപ്പടെ ആകെ 284.63 കോടി രൂപയാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. 

ലൈഫ് ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനായി എട്ട് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഏലൂർ, കൂത്താട്ടുകുളം, അയ്യമ്പുഴ, തൃക്കാക്കര , കരുമാലൂർ, തോപ്പുംപടി, വാരപ്പെട്ടി എന്നിവിടങ്ങളിലായാണ് ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. ഇതിൽ അയ്യമ്പുഴയിലേയും കൂത്താട്ടുകുളത്തെയും ഭവന സമുച്ചയം നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. പ്രായമായവര്‍ക്കുള്ള സൗകര്യങ്ങള്‍, പ്രാഥമികാരോഗ്യ സബ് കേന്ദ്രം, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, ലൈബ്രറി, മാലിന്യ നിര്‍മാര്‍ജന സൗകാര്യങ്ങള്‍, എന്നിവ പാര്‍പ്പിട സമുച്ചയങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്. 

ഇതിനു പുറമേ, അങ്കമാലി നഗരസഭ, കീഴ്മാട് പഞ്ചായത്ത് എന്നിവിടങ്ങളിൽ 12 യൂണിറ്റുകൾ വീതമുള്ള ചെറു ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.

അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കി സ്വന്തം വീടിന്റെ തണലില്‍ ജീവിച്ചു മുന്നേറാനുള്ള കരുത്തു പകരുകയായിരുന്നു പദ്ധതി. ലൈഫിന്റെ നാലു വര്‍ഷങ്ങള്‍ കേരളത്തിലെ അടിസ്ഥാന വികസന മേഖലയിലെ ഏറ്റവും സുപ്രധാന മുന്നേറ്റങ്ങളിലൊന്നാണ്. വിവിധ സംഘടനകളുടെ സഹകരണവും ലൈഫ് പദ്ധതിയുടെ വിജയത്തിന് കാരണമായി.  

വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഗുണഭോക്താക്കളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ലൈഫിന്റെ ആദ്യഘട്ടം.  ഭൂരഹിതരായ ഭവന രഹിതര്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടം പുരോഗമിക്കുന്നു.

സുരക്ഷിതമായ സാമൂഹിക അവസ്ഥ ഉറപ്പാക്കുക എന്നതും ലൈഫ് മിഷന്റെ പ്രധാന പരിഗണനയയാണ്. ഇതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി, സുഭിക്ഷ കേരളം തുടങ്ങിയവയുമായി ചേര്‍ന്ന് ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് പശു, ആട്, കോഴി തുടങ്ങിയവയെ വളര്‍ത്താനുള്ള കൂടുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി സൗജന്യമായി നിര്‍മിച്ചു നല്‍കുന്നു. ലൈഫ് വീടുകള്‍ നിര്‍മിക്കാന്‍ സ്ഥലം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ്, മുദ്ര പത്രത്തിന്റെ തുക എന്നിവ നിശ്ചിത രേഖകള്‍ ഹാജരാക്കിയാല്‍ ഒഴിവാക്കി നല്‍കും. നിര്‍മാണ സാമഗ്രികള്‍ വിലക്കുറവില്‍ ലഭ്യമാക്കാനും ധാരണയിലെത്തിയിട്ടുണ്ട്.

മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് ലൈഫ്ഗുണഭോക്താക്കള്‍ക്ക്  പുതിയ ജോബ് കാര്‍ഡുകള്‍ വിതരണം ചെയ്തു. തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ച് ലൈഫ് മിഷനില്‍  തൊഴില്‍ദിനങ്ങളും നല്‍കുന്നുണ്ട്. കുടുംബശ്രീ മിഷനുമായി സഹകരിച്ച് വനിതകള്‍ക്ക് നിര്‍മാണ യൂണിറ്റുകളില്‍ പരിശീലനം നല്‍കി. ഇത്തരത്തില്‍ 35 വീടുകളാണ് കുടുംബശ്രീയുമായി സഹകരിച്ച് ജില്ലയില്‍ നിര്‍മിച്ചത്. 

ലൈഫ് ഗുണഭോക്താക്കള്‍ക്ക് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ വീടുകള്‍ക്കുള്ള സിമന്റ് ബ്‌ളോക്കുകള്‍ നിര്‍മിക്കുന്നതിന് 61 നിര്‍മാണയൂണിറ്റുകള്‍ ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ എല്ലാ ബ്‌ളോക്കുകളിലും ലൈഫ് പദ്ധതിക്കായി കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. 

സാമ്പത്തിക സന്തുലനവും മാനസിക സൗഖ്യവും ഉറപ്പാക്കാന്‍ ലൈഫ് പദ്ധതിക്ക് സാധിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സുരക്ഷിതമായ ഭവനാന്തരീക്ഷം ഉറപ്പാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നപ്പോള്‍ പദ്ധതി വലിയ വിജയമായി. ഗ്രാമ പ്രദേശങ്ങളില്‍ പ്രധാന്‍ മന്ത്രി ആവാസ് യോജനയുമായും നഗര പ്രദേശങ്ങളില്‍ അര്‍ബന്‍ പ്രധാനമന്ത്രി ആവാസ് യോജനയുമായും കുടുംബശ്രീയും തൊഴിലുറപ്പ് പദ്ധതികളുമായും സഹകരിച്ചും പദ്ധതി പ്രവര്‍ത്തിക്കുന്നു. സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥികളും ഫേസ്ബുക്ക് കൂട്ടായ്മകളും സ്ഥാപനങ്ങളിലെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടും ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്.

date