തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തികൾ പുനർ നിർണയിക്കാൻ നടപടി സ്വീകരിക്കും : വനം വകുപ്പ് മന്ത്രി കെ രാജു
കോതമംഗലം,തട്ടേക്കാട് ഡോ. സലിം അലി പക്ഷി സങ്കേതത്തിന്റെ അതിർത്തികൾ പുനർ നിർണയിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു നിയമ സഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആൻ്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യയിലെ തന്നെ പ്രധാന പക്ഷി സങ്കേതമായ കോതമംഗലം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതത്തെ 1983 ൽ ഡോ. സലിം അലി പക്ഷി സങ്കേതമായി പ്രഖ്യാപിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തി ആണ് അതിർത്തി നിശ്ചയിച്ചിട്ടുള്ളത്.ഇത്തരത്തിൽ പക്ഷി സങ്കേതത്തിന്റെ അതിർത്തികൾ നിശ്ചയിച്ചതിനാൽ പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,പോലീസ് സ്റ്റേഷൻ,സ്കൂളുകൾ, ആശുപത്രികൾ,വിവിധ മത വിഭാഗത്തിൽപ്പെട്ടവരുടെ 26 ഓളം ആരാധനാലയങ്ങൾ,നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തിക്കുള്ളിലാണ് ഉൾപ്പെട്ടിട്ടുള്ളത് എന്ന കാര്യവും നിയമസഭയിൽ ഉന്നയിച്ചു. ഇതുമൂലം കുട്ടമ്പുഴ,കീരംപാറ പഞ്ചായത്തുകളിലായി 9 സ്ക്വയർ കിലോമീറ്റർ വരുന്ന ജനവാസ മേഖലയിലെ ഏകദേശം 12000 ഓളം വരുന്ന പ്രദേശ വാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പക്ഷി സങ്കേതത്തിന്റെ അതിർത്തികൾ പുനർ നിശ്ചയിക്കുന്നതിന് വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ വിജ്ഞാപന പ്രകാരം 9 സ്ക്വയർ കിലോമീറ്റർ ഏരിയ ജനവാസ കേന്ദ്രം പക്ഷി സങ്കേതത്തിന്റെ അതിർത്തിയിൽ വന്നിട്ടുണ്ടെന്നും,പക്ഷി സങ്കേതത്തിന്റെ അതിർത്തിയിൽ ജനവാസ മേഖലകൾ ഉൾപ്പെടുന്നതിനാൽ ആ ഭാഗങ്ങളിൽ നിയമം നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും,ജനങ്ങളുടെ ആശങ്കകളും പരിഗണിച്ച് പ്രസ്തുത മേഖല ഒഴിവാക്കി അതിനു തുല്യമായ വന മേഖല മൂന്നാർ വനം ഡിവിഷനിൽ നിന്നും കൂട്ടി ചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി വനം വകുപ്പ് മന്ത്രി കെ രാജു നിയമസഭയിൽ അറിയിച്ചു.
- Log in to post comments