Skip to main content

ഭരണ ഭാഷയിലേക്കുള്ള മാറ്റം ജില്ലയില്‍ മികച്ച പുരോഗതി

 

ഭരണ ഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം നേടുന്നതില്‍ ജില്ലക്ക് മികച്ച പുരോഗതി. 52 വകുപ്പുകള്‍ നൂറ് ശതമാനം ഭാഷാ പുരോഗതി കൈവരിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന ഔദ്യോഗിക ഭാഷാ ജില്ലാതല സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. മൂന്ന് വകുപ്പുകളുടെ പ്രവര്‍ത്തനം അമ്പത് ശതമാനത്തിനു താഴെയാണ്. ഇത് ഗൗരവമായി കാണണം. സാധാരണക്കാരന് മനസ്സിലാവാത്ത ഭാഷ മാറ്റി അവരോട് നേരിട്ട് സംവദിക്കുന്ന രൂപത്തിലേക്ക് ഭാഷയും പ്രവര്‍ത്തനവും മാറ്റണം. നവംബറിനു മുമ്പ് ലക്ഷ്യം പൂര്‍ത്തീകരിക്കാത്ത വകുപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മലയാളം മീഡിയത്തില്‍ പഠിച്ച് പത്താംതരം പാസായ കുട്ടികള്‍ക്കു പോലും തെറ്റ് കൂടാതെ മലയാളം ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് പി.ഉബൈദുള്ള എം.എല്‍എ പറഞ്ഞു.

ഭാഷ വളരുന്നത് കൊണ്ടും കൊടുത്തുമാണെന്ന് ഭാഷാ വിദഗ്ദനും ഔദ്യോഗിക ഭാഷാ സമിതി അംഗവുമായ ആര്‍.ശിവകുമാര്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായി ഭരണഭാഷയ്ക്ക് ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയത് കേരളമാണ്. മലയാളത്തിലുള്ള കത്തിടപാട് സേവനാവകാശ പരിധിയില്‍ വരുന്നതാണെന്നും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സമിതി അംഗങ്ങളും ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായ സലീം കുരുവമ്പലം, അഡ്വ. പിവി.മനാഫ്, ഫിനാന്‍സ് ഓഫീസര്‍ എന്‍.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.ഡി.എം. വി. രാമചന്ദ്രന്‍ സ്വാഗതവും ഡെപ്യൂട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദ് നന്ദിയും പറഞ്ഞു. ഭരണഭാഷക്കായുള്ള ഓണ്‍ലൈന്‍ നിഘണ്ടുവിന്റെ വിലാസം ഴഹീമൈൃ്യ.സലൃമഹമ.ഴീ്.ശി. മൊബൈല്‍ ആപ്ലിക്കേഷന്‍ 'ഭരണ മലയാളം' ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

date