നവകേരളം യുവകേരളം': മുഖ്യമന്ത്രി തിങ്കളാഴ്ച കുസാറ്റിൽ ഉദ്ഘാടനം ചെയ്യും
എറണാകുളം: നവകേരളം കെട്ടിപ്പടുക്കുന്നതിന് യുവജനങ്ങളുടെ അഭിപ്രായം ആരായാനും വിദ്യാർത്ഥികളുമായി സംവദിക്കാനും അവസരം നൽകുന്ന 'നവകേരളം യുവകേരളം' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ ഫെബ്രുവരി ഒന്നിന് നിർവ്വഹിക്കും. രാവിലെ 10 മണിക്ക് കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ അഞ്ച് സർവകലാശാലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭാധനരായ 200 വിദ്യാർത്ഥികൾ നേരിട്ടും 1500 പേർ ഓൺലൈനായും പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ. ടി. ജലീൽ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ സ്വാഗതവും കെ.ടി.യു. വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ്. നന്ദി പ്രകാശനവും നിർവഹിക്കും. നുവാൽസ് വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വി.സി. ഡോ. മോഹനൻ കുന്നുമ്മൽ, കുഫോസ് വി.സി. ഡോ.കെ. റിജി ജോൺ എന്നിവർ സംബന്ധിക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ മുന്നോട്ട് വയ്ക്കുന്ന പുതിയ ആശയങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനും നയരൂപീകരണത്തിന് അവ കാരണമാകുന്നതിനും ഇടയാക്കുന്ന ഈ പരിപാടി വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും അതിന്റെ ആദ്യ പരിപാടിയ്ക്ക് കുസാറ്റ് വേദിയാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും വൈസ് ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ പറഞ്ഞു.
സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ യുവജനങ്ങളുടെ അഭിപ്രായം ആരായാനും പരിഹാരനിർദ്ദേശങ്ങൾ പറയാനും അവസരം നൽകുന്നതാണ് പരിപാടി. കുസാറ്റിനു പുറമേ കേരള സാങ്കേതിക സർവകലാശാല (കെ ടി യു ), നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യൂവാൽസ്), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ് ), കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് എന്നീ അഞ്ച് സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. 1: 1 എന്ന സ്ത്രീപുരുഷ അനുപാതവും ദളിത്, ന്യൂനപക്ഷ പ്രാതിനിധ്യവും ഉറപ്പാക്കിയാണ് വിദ്യാർത്ഥികളെ പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഓരോ സർവകലാശാലയിൽ നിന്നും നോഡൽ ഓഫീസറാണ് തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കുന്നത്. കല, സാഹിത്യം, ശാസ്ത്രം, സംസ്കാരം തുടങ്ങിയവയടക്കമുള്ള വിവിധ മേഖലകളിൽ നിന്നുള്ള നൂതന ആശയങ്ങൾ സംയോജിപ്പിക്കുന്നതിനും പരിപാടി ലക്ഷ്യമിടുന്നു. മുൻകൂട്ടി തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.
- Log in to post comments