Skip to main content

കര്‍ഷക സമര ചിത്രപ്രദര്‍ശനം ഇന്ന് (ഫെബ്രുവരി 5) അവസാനിക്കും

 

ഭൂമി മാത്രം കൈമുതലായുള്ള കര്‍ഷകര്‍ കര്‍ഷക നിയമത്തിനെതിരെ  പ്രക്ഷോഭം നടത്തുമ്പോള്‍ കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍  സംഘടിപ്പിക്കുന്ന ഫോട്ടോപ്രദര്‍ശനത്തിന് പ്രസക്തിയേറുന്നു എന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോക്ടര്‍ കെ പി മോഹനന്‍ പറഞ്ഞു. തൃശ്ശൂര്‍ പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ  കേരള മീഡിയ അക്കാദമി , തൃശ്ശൂര്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച കര്‍ഷക സമരത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം  ' ജയ് കിസാന്‍ ഇമേജ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം വരെ ചുമത്തി സമരത്തെ നേരിടുകയാണ് സര്‍ക്കാര്‍. മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.  കേവലം 16 ദിവസം കൊണ്ടാണ് ഈ നിയമങ്ങള്‍ പാസാക്കി എടുത്തത്.  ഇവയ്‌ക്കെതിരെ  ഉയരുന്ന പ്രതിഷേധം കണക്കിലെടുക്കാതെ  എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ കടുംപിടുത്തം  പിടിക്കുന്നത് എന്നത് ആലോചിക്കേണ്ട വിഷയമാണെന്നും കെ പി മോഹനന്‍ പറഞ്ഞു.

സമര വേദിയില്‍ നിന്നുള്ള നേര്‍ക്കാഴ്ചകള്‍ ആയി ഫോട്ടോപ്രദര്‍ശനം മാറുമെന്നും കെ പി മോഹനന്‍ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കെ പ്രഭാത് അധ്യക്ഷനായിരുന്നു.
ലളിതകലാ അക്കാദമി സെക്രട്ടറി പി.വി ബാലന്‍, ലളിതകലാ അക്കാദമി മാനേജര്‍ സുഗതകുമാരി, മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കല, പ്രസ് ക്ലബ് സെക്രട്ടറി എം വി വിനീത തുടങ്ങിയവര്‍ സംസാരിച്ചു.
 
ദേശീയഅന്തര്‍ദ്ദേശീയഫോട്ടോജേണലിസ്റ്റുകള്‍ പകര്‍ത്തിയ ഡല്‍ഹി കര്‍ഷകപ്രക്ഷോഭത്തിന്റെ വാര്‍ത്താചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 

 ഫോട്ടോപ്രദര്‍ശനം  ഓണ്‍ലൈനില്‍ കാണാനുള്ള സംവിധാനവും മീഡിയ അക്കാദമി ഒരുക്കിയിട്ടുണ്ട്.  http://keralamediaacademy.org/kisan-photo-exhibition/ എന്ന വെബ്‌സൈറ്റില്‍ ഫോട്ടോ പ്രദര്‍ശനം കാണാം. ഇതോടൊപ്പമുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താലും ഫോട്ടോ പ്രദര്‍ശനം കാണാവുന്നതാണ്.

date