കോതമംഗലം നിയോജക മണ്ഡലത്തിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കും : ആൻ്റണി ജോൺ എംഎൽഎ.
=
കോതമംഗലം : ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്ന അവസ്ഥയിലുള്ള കുട്ടികളുടെ പരിചരണം,വിദ്യാഭ്യാസം, രക്ഷിതാക്കൾക്കുള്ള അവബോധം സൃഷ്ടിക്കൽ എന്നിവ മുൻനിർത്തി കോതമംഗലം നിയോജക മണ്ഡലത്തിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.ഓട്ടിസം സവിശേഷമായ ഒരു അവസ്ഥയാണ്. കൃത്യവും ശക്തവും ശാസ്ത്രീയവുമായ ഇടപെടലിലൂടെ ഓട്ടിസത്തെ നേരിടാമെന്നും വലിയൊരളവിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും വൈദ്യ ശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പരിചരണമാണ് ഇതിനുള്ള ഏക വഴി.ഈ തിരിച്ചറിവിലൂടെ 6 - 18 വയസ്സു വരെയുള്ള കുട്ടികൾക്ക് മികച്ച പരിചരണം ഓട്ടിസം പാർക്കിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ഇതോടൊപ്പം മറ്റ് വെല്ലു വിളികൾ നേരിടുന്ന കുട്ടികൾക്കാവശ്യമായ പരിചരണം,തെറാപ്പി സേവനം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തി ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കുക,ഓട്ടിസം അവസ്ഥയിൽ ഉള്ള മുഴുവൻ കുട്ടികളെയും പൊതുധാരയിൽ എത്തിക്കുക,ഓട്ടിസം മാനേജ്മെൻ്റ് വിവിധ സാധ്യതകൾ ഏകോപിപ്പിക്കുക,ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ ആത്മ വിശ്വാസം ജനിപ്പിക്കുക,വെല്ലുവിളി നേരിടുന്ന കുട്ടികളോടുള്ള അനുകൂല മനോഭാവം അധ്യാപക വിദ്യാർത്ഥി സമൂഹത്തിൽ വളർത്തുക എന്നിവയാണ് ഓട്ടിസം പാർക്കിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
- Log in to post comments