Skip to main content

വത്സലയ്ക്ക് ഇനി ഇലക്ട്രിക് വീല്‍ചെയറില്‍ സഞ്ചരിക്കാം

ജന്മനാ മുട്ടിന്മേല്‍ ഇഴഞ്ഞു മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വത്സലക്ക് ഇനി ഇലക്ട്രിക് വീല്‍ച്ചെയറില്‍ സഞ്ചരിക്കാം.  നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ അപേക്ഷയുമായി വന്ന വത്സലയ്ക്ക് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ് വീല്‍ചെയര്‍ നല്‍കാനുള്ള നടപടി കൈക്കൊണ്ടത്.  കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25,000 രൂപ ചികിത്സാസഹായവും വത്സലയ്ക്ക് അനുവദിച്ചു.

 

പെരുങ്കടവിള പഞ്ചായത്തിലെ ആങ്കോട് സ്വദേശിനിയായ വത്സല വിധവയാണ്. വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസം.  മക്കളോ സഹോദരങ്ങളോ ഇല്ല. വൃക്കരോഗിയുമാണ്.  സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിധവാ പെന്‍ഷനാണ് ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നതിന് ഏക ആശ്രയം.  വീല്‍ച്ചെയറിനായി മുന്‍പ് പലതവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചിരുന്നില്ല. സമീപവാസി പറഞ്ഞതനുസരിച്ചാണ് 'സാന്ത്വന സ്പര്‍ശം' അദാലത്തിലേക്ക് അപേക്ഷിച്ചത്.

 

അദാലത്ത് നടക്കുന്ന സ്റ്റേജിനടുത്ത് എത്തിയ വത്സലയുടെ സമീപത്ത് ചെന്നാണ് മന്ത്രി തോമസ് ഐസക്ക് പരാതി കേട്ടത്.  വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖേനയാണ് ഇലക്ട്രിക് വീല്‍ചെയര്‍ വത്സലക്ക് നല്‍കാനുള്ള നടപടിയെടുത്തത്.

date