Skip to main content

രശ്മിക്ക് സ്വന്തം വീടൊരുങ്ങും അതിവേഗത്തില്‍

സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് നെയ്യാറ്റിന്‍കര മൂലക്കര സ്വദേശി പി.ആര്‍.രശ്മി.  ലൈഫ് പദ്ധതിയില്‍പ്പെടുത്തി അതിവേഗത്തില്‍ രശ്മിക്കു വീട് നല്‍കാന്‍ സാന്ത്വന സ്പര്‍ശം അദാലത്തില്‍ തീരുമാനമായി.  ലൈഫ് പദ്ധതിയുടെ ജില്ലയിലെ സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താവാണ് രശ്മി. 

 

ആമവാദത്തിനു ചികിത്സയിലാണ് രശ്മി. മാതാപിതാക്കള്‍ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം വാടകവീട്ടിലാണു താമസിക്കുന്നത്.  ഭര്‍ത്താവ് ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.  വൃദ്ധരായ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന വാര്‍ദ്ധക്യകാല പെന്‍ഷനാണ് കുടുംബത്തിന്റെ ഏക വരുമാനം.  അതാകട്ടെ വാടക നല്‍കാന്‍പോലും തികയില്ല.  സാമ്പത്തിക പരാധീനതകള്‍കൊണ്ടു വീര്‍പ്പുമുട്ടുന്ന കുടുംബത്തിന് മരപ്പാലം തോപ്പില്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നു മൂന്ന് സെന്റ് സ്ഥലം നല്‍കി.  ഇവിടെ വീട് വയ്ക്കുന്നതിനായാണു ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയത്. 

 

വീട് ലഭിക്കുന്നതിനുള്ള ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് രശ്മി അദാലത്തില്‍ അപേക്ഷ നല്‍കിയത്.  രശ്മിക്കു നേരിട്ട് സാന്ത്വന സ്പര്‍ശം അദാലത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ പിതാവ് രാജേന്ദ്രനാണ് അദാലത്ത് നടന്ന നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്.  രശ്മിയുടെ അപേക്ഷയ്ക്കു മുന്‍ഗണന നല്‍കി പരിഗണിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു.  കോട്ടുകാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇതിനാവശ്യമായ നിര്‍ദ്ദേശം നല്‍കി.

 

അദാലത്തില്‍ മന്ത്രി നിര്‍ദേശം നല്‍കിയതോടെ രശ്മിക്കു സ്വന്തം വീടിനായുള്ള നടപടികള്‍ അതിവേഗത്തിലാകും.  വാടക വീടുകള്‍ മാറി മാറി കഴിയുന്ന രശ്മിയ്ക്കും കുടുംബത്തിനും സ്വപ്ന സാഫല്യത്തിന്റെ നാളുകളാണു വരാനിരിക്കുന്നത്. 

 

date