വൈദ്യുതി ബോർഡ് നൂതന കർമ്മപരിപാടികളിലൂടെ വികസന രംഗത്തെന്നു വൈദ്യുതി മന്ത്രി എം എം മണി
കെ എസ് ഇ ബിയുടെ ആദ്യ 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ (ജി ഐ എസ് ) കലൂരിൽ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു.
എറണാകുളം : വൈദ്യുതി ബോർഡ് നൂതന കർമ്മപരിപാടികളോടെ വികസന രംഗത്തെന്നു വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു . കെ എസ് ഇ ബിയുടെ ആദ്യ 220 കെ വി ജി ഐ എസ് സബ്സ്റ്റേഷൻ കലൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ഇടതടവില്ലാതെ എത്തിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ജല വൈദ്യുതിയാണ് ലാഭം എങ്കിലും നിലവിൽ സാധ്യതകൾ വളരെവ കുറവാണ് . ഇടുക്കിയിൽ രണ്ടാം നിലയം ആരംഭിക്കുന്നതിനുള്ള പഠനം കേന്ദ്ര ഏജൻസി നടത്തി വരികയാണ്. 1000 മെഗാ വാട്ട് സൗരോർജ പദ്ധതിയാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത് . സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ബോർഡ് നടപ്പിലാക്കുന്നുണ്ട് . ഊർജ്ജത്തിന്റെ ആവശ്യം ദിനംപ്രതി വർദ്ധിക്കുകയാണ് . അതിനാൽ ഊർജ്ജത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം ഉപയോഗം കുറയ്ക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു കോടി എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്തു . മാത്രമല്ല വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറച്ചു പ്രസരണ നഷ്ടം കുറച്ചു കാര്യക്ഷമമായ വൈദ്യുതി വിതരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു .
പ്രവർത്തനക്ഷമമായ കെ എസ് ഇ ബിയുടെ ആദ്യ 220 കെ വി ജി ഐ എസ് സബ്സ്റ്റേഷൻ ട്രാൻസ്ഗ്രിഡ് പദ്ധതിയിലുൾപ്പെടുത്തി കിഫ്ബി സഹായത്തോടെയാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 220 കെ വി ഭൂഗർഭ കേബിൾ ഉപയോഗിച്ച കെ എസ് ഇ ബിയുടെ ആദ്യ പദ്ധതി കൂടിയാണിത്. ബ്രഹ്മപുരം 220 കെ വി സബ്സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ ഓവർഹെഡ് ലൈനും 7 കിലോമീറ്റർ ഭൂഗർഭ കേബിളും സ്ഥാപിച്ചാണ് കലൂർ സബ്സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. 130 കോടി രൂപ ചെലവിലാണ് സ്റ്റേഷൻ്റെയും അനുബന്ധ ലൈനിൻ്റെയും നിർമ്മാണം പൂർത്തിയാക്കിയത്.
നഗരത്തിൻ്റെ ഹൃദയ ഭാഗങ്ങളായ കലൂർ, പാലാരിവട്ടം, ഇടപ്പള്ളി, വെണ്ണല, വടുതല തുടങ്ങിയ സ്ഥലങ്ങളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനോടൊപ്പം പരിസര പ്രദേശങ്ങളിലെ ഇടപ്പള്ളി, എറണാകുളം നോർത്ത്, മറൈൻ ഡ്രൈവ്, പെരുമാനൂർ, തമ്മനം തുടങ്ങിയ സബ്സ്റ്റേഷനുകളിലേക്കും ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പുവരുത്താൻ പൂർത്തിയാക്കിയ 220 കെവി സബ് സ്റ്റേഷന് കഴിയും. പ്രസരണ നഷ്ടം കുറയുന്നത് മൂലം പ്രതിവർഷം 25 കോടി രൂപയുടെ ലാഭവും കെ എസ് ഇ ബി പ്രതീക്ഷിക്കുന്നത്.
പി.ടി. തോമസ് എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി.ജെ വിനോദ് , ജോൺ ഫെർണാണ്ടസ് കൗൺസിലർമാരായ ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, ആഷിത യഹിയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഡി വിൻസെൻ്റ് ( സി പി ഐ എം ) , സന്തോഷ് ബാബു (സിപിഐ) , ജോഷി പളളൻ (ഐ എൻ സി ) , എസ്. സജി ( ബിജെപി) ,കെ .എൽ . അബ്ദുൾ മജീദ് (ഐയുഎംഎൽ), കുമ്പളം രവി (ജനതാദൾ എസ് ) , കെ.എസ്.ഇ.ബി.എൽ ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ ഡോ.പി.രാജൻ, കെ എസ് ഇ ബി എൽ ചീഫ് എഞ്ചിനിയർ വി.രാധാകൃഷ്ണൻ , കെ എസ് ഇ ബി എൽ ട്രാൻസ്മിഷൻ സൗത്ത് ചീഫ് എഞ്ചിനിയർ രാജൻ ജോസഫ് എന്നിവർ പങ്കെടുത്തു
- Log in to post comments