സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത്: ജില്ലയിൽ ലഭിച്ചത് 1975 പരാതികൾ
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിൽ ഞായറാഴ്ച വരെ ജില്ലയിൽ ലഭിച്ചത് 1975 പരാതികൾ. ഇതിൽ 1638 പരാതികൾ വിവിധ വകുപ്പുകളിലേക്ക് അയച്ചു. 84 പരാതികൾ തീർപ്പാക്കി. 240 പരാതികളിൽ നടപടികൾ പുരോഗമിക്കുകയാണ്.
അദാലത്ത് നടപടികൾ സുഗമമായി നടത്തുന്നതിനായി ജില്ലയിലെ അദാലത്തിൻ്റെ ഏകോപന ചുമതല നിർവഹിക്കുന്ന വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിൻ്റെ നേതൃത്വത്തിൽ തഹസിൽദാർ, വില്ലേജ് ഓഫീസർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് നിർദേശങ്ങൾ നൽകി.
ഈ മാസം 15, 16, 18 തീയതികളിലാണ് സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് നടക്കുന്നത്. മന്ത്രിമാരായ വി എസ് സുനിൽകുമാർ, ജി സുധാകരൻ, ഇ പി ജയരാജൻ എന്നിവരാണ് ജില്ലയിൽ പരാതി പരിഹാര അദാലത്തിന് നേതൃത്വം നൽകുന്നത്. മൂന്നു വേദികളിൽ ആയിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. 15 ന് എറണാകുളം ടൗൺ ഹളിൽ വച്ച്
കൊച്ചി, കണയന്നൂർ താലൂക്ക് പരിധിയിലെ പരാതികൾ പരിഗണിക്കും. 16 ന് ആലുവ യുസി കോളേജിൽ ആലുവ, പറവൂർ താലൂക്കുകളിലെ പരാതികളും 18 ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ വച്ച് കോതമംഗലം മൂവാറ്റുപുഴ കുന്നത്തുനാട് താലൂക്കുകളിലെ പരാതികൾ പരിഗണിക്കും.
സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികള്‍ ഈ മാസം 9 വരെ സ്വീകരിക്കും. പ്രളയം, ലൈഫ് മിഷന്‍, പോലീസുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കുന്നതല്ല. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, കളക്ടറേറ്റിലോ, താലൂക്കിലോ, വില്ലേജ് ഓഫീസുകളിലോ നേരിട്ടെത്തിയും സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകുന്നതിന് അപേക്ഷാഫീസ് ഈടാക്കില്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. അദാലത്തില്‍ നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. അദാലത്ത് വേദിയില്‍ ലഭിക്കുന്ന പുതിയ പരാതികളില്‍ ജില്ലയിൽ തീർപ്പാക്കാവുന്ന പ്രശ്നങ്ങൾ ഉടൻ തീർപ്പാക്കും. സംസ്ഥാന സർക്കാർ തീരുമാനമെടുക്കേണ്ട പരാതികൾ തരം തിരിച്ച് സർക്കാരിലേക്ക് അയക്കും.
പരാതിക്കാരൻ്റെ മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കൃത്യമായി പരാതിയിൽ രേഖപ്പെടുത്തിയിരിക്കണം. പരാതിയുമായി ബന്ധപ്പെട്ട് പിന്നീടുള്ള ആശയവിനിമയങ്ങൾക്ക് ഇത് നിർബന്ധമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷകളും നൽകാം. പരാതിക്കാരന് നേരിട്ടും ഓൺലൈനായി അപേക്ഷകൾ നൽകാം. സ്വന്തം നിലയിൽ പരാതി സമർപ്പിക്കാൻ www.cmo.kerala.gov.in എന്ന വെബ് സൈറ്റോ, സി.എം. ഡി.ആർ.ഫ് വെബ് സൈറ്റോ സന്ദർശിക്കുക.
അദാലത്ത് വേദിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കും. പരാതി പരിഹാരം അദാലത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യം, വെള്ളം എന്നിവ ഒരുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകും അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.
- Log in to post comments