Skip to main content

സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത്: ജില്ലയിൽ ലഭിച്ചത് 4651 പരാതികൾ

 

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിനോടനുബന്ധിച്ച് ജില്ലയിൽ ലഭിച്ചത് 4651 പരാതികൾ. ഇതിൽ 3667 പരാതികൾ വിവിധ വകുപ്പുകളിലേക്ക് അയച്ചു. 253 പരാതികൾ തീർപ്പാക്കി. 731 പരാതികളിൽ നടപടികൾ പുരോഗമിക്കുകയാണ്. 

ഈ മാസം 15, 16, 18 തീയതികളിലാണ്  സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് നടക്കുന്നത്. മന്ത്രിമാരായ വി എസ് സുനിൽകുമാർ, ജി സുധാകരൻ, ഇ പി ജയരാജൻ എന്നിവരാണ്  ജില്ലയിൽ പരാതി പരിഹാര അദാലത്തിന് നേതൃത്വം നൽകുന്നത്. മൂന്നു വേദികളിൽ ആയിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. 15 ന് എറണാകുളം ടൗൺ ഹളിൽ വച്ച്
 കൊച്ചി, കണയന്നൂർ താലൂക്ക് പരിധിയിലെ പരാതികൾ പരിഗണിക്കും. 16 ന് ആലുവ യുസി കോളേജിൽ ആലുവ, പറവൂർ താലൂക്കുകളിലെ പരാതികളും 18 ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ വച്ച് കോതമംഗലം മൂവാറ്റുപുഴ കുന്നത്തുനാട് താലൂക്കുകളിലെ പരാതികൾ പരിഗണിക്കും.

ഈ മാസം  9 വരെയാണ് അദാലത്തിൽ പരാതികൾ ഓൺലൈനായി സമർപ്പിക്കാൻ അവസരമുണ്ടായിരുന്നത്. അദാലത്ത് ദിവസം നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. അദാലത്ത് വേദിയില്‍ ലഭിക്കുന്ന പുതിയ പരാതികളില്‍  ജില്ലയിൽ തീർപ്പാക്കാവുന്ന പ്രശ്നങ്ങൾ ഉടൻ തീർപ്പാക്കും. സംസ്ഥാന സർക്കാർ തീരുമാനമെടുക്കേണ്ട പരാതികൾ തരം തിരിച്ച് സർക്കാരിലേക്ക് അയക്കും. അപേക്ഷയിൽ പരാതിക്കാരൻ്റെ മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കൃത്യമായി പരാതിയിൽ രേഖപ്പെടുത്തിയിരിക്കണം. പരാതിയുമായി ബന്ധപ്പെട്ട് പിന്നീടുള്ള ആശയവിനിമയങ്ങൾക്ക് ഇത് നിർബന്ധമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകും അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.

date