Skip to main content

വനം-വന്യജീവി സംരക്ഷണത്തില്‍ നടന്നത്   മികച്ച പ്രവര്‍ത്തനം: മന്ത്രി കെ രാജു

സംസ്ഥാന സര്‍ക്കാര്‍ അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍  വനം-വന്യജീവി സംരക്ഷണത്തില്‍  ശ്രദ്ധേയമായ  പ്രവര്‍ത്തനം നടത്താന്‍  കഴിഞ്ഞെന്ന് വനം  വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. അരിപ്പ വനപരിശീലന കേന്ദ്രത്തിലെ 77-മത് ബാച്ച് ബി എഫ് ഒ മാരുടെ പാസിംഗ് ഔട്ട് ചടങ്ങുകളുടെയും സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ശിലാസ്ഥാപന ചടങ്ങിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വനംവകുപ്പിന്റെ സ്വപ്നപദ്ധതികളായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, കുളത്തൂര്‍ ആന പരിപാലന കേന്ദ്രം എന്നിവ വരുംദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കും. പുതുതായി ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മിക്കുവാനും തസ്തികകള്‍ സൃഷ്ടിക്കുവാനും കഴിഞ്ഞു. കൂടാതെ എല്ലാ ജില്ലകളിലും ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍മാരുടെ സേവനം  ഉറപ്പാക്കാന്‍ കഴിഞ്ഞതും വകുപ്പിന്റെ വലിയ മുന്നേറ്റമാണ്.  ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ ധാരാളം  പദ്ധതികള്‍ വകുപ്പ് വഴി  ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ കഴിഞ്ഞതായും  അദ്ദേഹം പറഞ്ഞു.
ഫയറിംഗ് റെയിഞ്ച്, ഇ-ലൈബ്രറി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
ദക്ഷിണ കേരളത്തിലെ 12 ഡിവിഷനുകളില്‍ നിന്നുള്ള 52 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ പതിനേഴ് പേര്‍ പാമ്പുപിടുത്ത പരിശീലനത്തില്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരാണ്.
അരിപ്പ വനപരിശീലന കേന്ദ്രത്തില്‍ നടന്ന  ചടങ്ങില്‍ മുഖ്യ വനം മേധാവി പി കെ കേശവന്‍ സല്യൂട്ട് സ്വീകരിച്ചു. 2019 ല്‍ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍, പാമ്പുപിടിത്തത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കിറ്റുകള്‍ എന്നിവയുടെ വിതരണവും ചടങ്ങില്‍ നടന്നു.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, പി സി സി എഫുമാരായ ദേവേന്ദ്രകുമാര്‍ വര്‍മ, ബെന്നിച്ചന്‍ തോമസ്, എ പി സി സി എഫുമാരായ രാജേഷ് രവീന്ദ്രന്‍, ഡോ പുകഴേന്തി, സി സി എഫുമാരായ സഞ്ജയന്‍ കുമാര്‍, ജി പ്രമോദ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.431/2021)

 

date