Skip to main content

ആറ് വീടുകള്‍ ഇന്ന്(ഫെബ്രുവരി 16) കൈമാറും

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള, ഫെഡറേഷന്‍ ഓഫ് കേരള  അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെയും(ഫൊക്കാന) സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം തൊഴിലും  നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍  ചൊവ്വാഴ്ച ഓണ്‍ലൈനായി നിര്‍വഹിക്കും.
പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡില്‍ നിന്നും വിരമിച്ച ഭൂരഹിതര്‍ക്കും ഭവനരഹിതരായ ശ്രീലങ്കന്‍ റീപാട്രിയേറ്റ് തൊഴിലാളികള്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന ഭവന പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. 1970 മുതല്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡില്‍ (ആര്‍ പി എല്‍) ജോലിചെയ്യുന്ന പുനരധിവസിക്കപ്പെട്ട തോട്ടം തൊഴിലാളികളെ ഭവനം പ്രോജക്ട് ഓണ്‍  യുവര്‍ ഓണ്‍ ഹൗസിംഗ് സ്‌കീമിനു കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വിരമിച്ച തോട്ടം തൊഴിലാളികള്‍ക്കാണ് മുന്‍ഗണന.
ആര്‍ പി എല്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമിയില്‍ ഒന്നാംഘട്ടമായി 2.305 കോടി രൂപ നിര്‍മാണ ചെലവില്‍ 40 വീടുകളാണ് നിര്‍മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ആറ് വീടുകളാണ് ചൊവ്വാഴ്ച കൈമാറുന്നത്. ഈ പദ്ധതിയില്‍ സര്‍ക്കാര്‍ അനുവദിച്ച നാലു ലക്ഷം രൂപയുടെ ഗ്രാന്റ്ും, ഫൊക്കാനയുടെ വിഹിതവും ചേര്‍ന്ന ഓരോ വീടിനും 5.37 ലക്ഷം രൂപ വീതം ഉപയോഗിച്ചാണ് വീട്  നിര്‍മ്മിച്ചിരിക്കുന്നത്. ഭവനപദ്ധതിയുടെ ഭാഗമായി പുതിയ റോഡിന്റെ നിര്‍മ്മാണം, ഭൂമി തയ്യാറാക്കല്‍, റീട്ടെയിനിംഗ് വാള്‍ നിര്‍മ്മാണം എന്നിവയ്ക്കായി 1.58 കോടി രൂപ ചെലവില്‍ കോസ്റ്റ്‌ഫോര്‍ഡ് പ്രാഥമിക പ്രവര്‍ത്തികള്‍  ആരംഭിച്ചിട്ടുണ്ട്. ഭവനം പദ്ധതിയുടെ കീഴില്‍ കുളത്തൂപ്പുഴ എസ്റ്റേറ്റില്‍  രണ്ട് കിടപ്പുമുറി, ലിവിംഗ് കം ഡൈനിംഗ് മള്‍ട്ടി പര്‍പ്പസ് ഹാള്‍, അടുക്കള, ടോയിലെറ്റ്, സിറ്റ് ഔട്ട് എന്നീ സൗകര്യങ്ങളുള്ള  ഭവനങ്ങളാണ് നിര്‍മ്മിച്ചിട്ടുളളത്.
ഗവണ്‍മെന്റ് തമിഴ് മീഡിയം ഹൈസ്‌കൂള്‍ കൂവക്കാട്, ആര്‍ പി എല്‍, കുളത്തുപ്പുഴ എസ്റ്റേറ്റില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും.  
തൊഴിലും നൈപുണ്യവും അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത്ത് രാജന്‍ മുഖ്യപ്രഭാഷണം നടത്തും. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഭവനം ഫൗണ്ടേഷന്‍ കേരള ജി എല്‍ മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ഭവനം ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ പ്രണബ് ജ്യോതിനാഥ്, ഫൊക്കാന പ്രസിഡന്റ് ജോര്‍ജ്ജി വര്‍ഗീസ്, ജനറല്‍ സെകട്രി ഫൊക്കാന, ഭവനം പദ്ധതി കോഡിനേറ്റര്‍ സജിമോന്‍ ആന്റണി, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഭവനം ഫൗണ്ടേഷന്‍ കേരളം ജി എല്‍ മുരളീധരന്‍, ആര്‍ പി എല്‍ മാനേജിങ് ഡയറക്ടര്‍ സുനില്‍ പമിഡി, ആര്‍ പി എല്‍ എസ്റ്റേറ്റ് മാനേജര്‍ ജയപ്രകാശ്, ജനപ്രധിനിധികള്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.445/2021)

 

date