Skip to main content

ജില്ല സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ ഫ്‌ളഡ്‌ലൈറ്റ്  സ്വിച്ച് ഓണ്‍  കര്‍മ്മം ഫെബ്രുവരി 17ന്

മഞ്ചേരിയിലെ  പയ്യനാടുള്ള ജില്ല സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ  ഫ്‌ളഡ്‌ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മവും ഹോസ്റ്റല്‍ പ്രവൃത്തിയുടെയും  രണ്ട് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന്റെയും  ഉദ്ഘാടനം നാളെ (ഫെബ്രുവരി 17ന്) വ്യവസായ   കായിക വകുപ്പ് മന്ത്രി  ഇ.പി ജയരാജന്‍ നിര്‍വഹിക്കും. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനാവും. മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം.സുബൈദ, ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, എം.എസ്.പി. കമാണ്ടന്റ് യു.അബ്ദുള്‍ കരീം, ഫുട്‌ബോള്‍ താരങ്ങളായ യു.ഷറഫലി, ഐ.എം.വിജയന്‍, അനസ് എടത്തൊടിക തുടങ്ങിയവരും  വിശിഷ്ടാതിഥികളായിരിക്കും.  മറ്റു ജന പ്രതിനിധികളും, സ്‌പോര്‍ട്‌സ് കൗണ്‍സില്‍  പ്രതിനിധികളും  കായിക സംഘടന പ്രതിനിധികളും  പങ്കെടുക്കും.   4.01 കോടി രൂപ ചെലവഴിച്ചാണ് ഫ്‌ളഡ്‌ലൈറ്റ് നിര്‍മിച്ചിരിക്കുന്നത്.  ഹോസ്റ്റല്‍ പ്രവൃത്തി, രണ്ട് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് എന്നിവക്ക് 70 ലക്ഷം രൂപയുമാണ് ചെലവ് വരുന്നത്.
 

മഞ്ചേരി നഗരസഭ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനായി  ഏറ്റെടുത്ത  25 ഏക്കര്‍  ഭൂമിയില്‍  2007-08ല്‍  നഗരസഭ  ജില്ല സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള മേല്‍നോട്ടം  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ എല്‍പ്പിക്കുകയായിരുന്നു.  2010 ഓടുകൂടി  11 കോടിയുടെ സിവില്‍ പ്രവൃത്തിയും  1.5 കോടിയുടെ  വാട്ടര്‍ സപ്ലൈ പ്രവൃത്തിയും 1.16 കോടിയുടെ  ഇലക്ട്രിക്കല്‍ പ്രവൃത്തിയും  40 ലക്ഷം രൂപയുടെ ടര്‍ഫിങ് പ്രവൃത്തിയുമാണ് ആരംഭിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി  20 കോടിയുടെ അടിസ്ഥാന സൗകര്യങ്ങളാണ് നിര്‍മിച്ചത്. 3.50 കോടി രൂപ വരുന്ന പി.ഡബ്യൂ.ഡിയുടെ  ഫണ്ട് ഉപയോഗിച്ച് രണ്ട് അപ്രോച്ച് റോഡുകളും അഡ്വ.എം.ഉമ്മര്‍ എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്ന് ഒരു കോടി ഉപയോഗിച്ച്  സ്റ്റേഡിയത്തിന്റെ അകത്തെ റോഡുകളും നിര്‍മിച്ചിട്ടുണ്ട്.
 

ഇന്‍ഡോര്‍ സ്റ്റേഡിയം സ്വിമ്മിങ് പൂള്‍, സിന്തററിക് ട്രാക്ക്, ഹോക്കി ടര്‍ഫ് തുടങ്ങിയവ  അടങ്ങുന്ന 45 കോടിയുടെ പ്രവൃത്തികള്‍  കിഫ്ബിയില്‍   ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഭരണാനുമതി നല്‍കി   കിഫ്ബി ബോര്‍ഡിന്റെ കൂടി അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍  അറിയിച്ചു. ചടങ്ങിനു ശേഷം  കേരള പ്രീമിയര്‍ ടീമുകളായ കേരള പൊലീസും റോയല്‍ ബാസ്‌കോ ഫുട്‌ബോള്‍ ക്ലബ് തമ്മിലുള്ള പ്രദര്‍ശന മത്സരം  ഉണ്ടായിരിക്കും.
 

date