Skip to main content

സിറോ സര്‍വയലന്‍സ് സര്‍വേയ്ക്ക് ജില്ലയില്‍ നാളെ തുടക്കം

സമൂഹത്തിലെ കോവിഡ് രോഗ വ്യാപന തോത് കണ്ടെത്തുന്നതിനായി സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തുന്ന സിറോ സര്‍വയലന്‍സ് സര്‍വേ ജില്ലയില്‍ നാളെ (ഫെബ്രുവരി 17) മുതല്‍ നടത്തും. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ശാസ്ത്രീയമായി റാണ്ടം സെലക്ഷന്‍ നടത്തിയാണ് രക്തപരിശോധന നടത്തേണ്ട വ്യക്തിയെ കണ്ടെത്തുന്നത്. രക്ത പരിശോധനയില്‍ കോവിഡ് 19 ആന്റിബോഡിയുടെ (ഐ.ജി.ജി) സാന്നിധ്യമുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനയാണ് നടത്തുന്നത്. 18 വയസിനു താഴെയുള്ളവര്‍, നിലവില്‍ പോസിറ്റീവായി ഇരിക്കുന്നവര്‍, ക്വാറന്റയിനില്‍ ഇരിക്കുന്നവര്‍ എന്നിവരെ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 

തെരെഞ്ഞെടുക്കപ്പെട്ട 18 പഞ്ചായത്തുകളിലെയും അഞ്ച് വീതം വാര്‍ഡുകളില്‍ നിന്ന് ഒരു വാര്‍ഡില്‍ 10 പേര്‍ എന്ന കണക്കില്‍  900 പേര്‍, അഞ്ച് നഗരസഭകളിലെയും 14 വാര്‍ഡുകളില്‍ ഒരു വാര്‍ഡില്‍ 10 പേര്‍ എന്ന കണക്കില്‍ 700 പേര്‍, 10 ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും 12 പേര്‍ എന്ന കണക്കില്‍ 120 പേര്‍, അഞ്ച് തദ്ദേശ സ്വയഭരണസ്ഥാപങ്ങളില്‍ നിന്നും 12 പേര്‍ എന്ന കണക്കില്‍ 60 പേര്‍, അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും 12 പേര്‍ എന്ന കണക്കില്‍ 60 പേര്‍, ലാബുകളില്‍ നിന്നും 350 പേര്‍, എന്നിങ്ങനെ 2190 പേരുടെ രക്ത സാമ്പിളുകള്‍ ജില്ലയില്‍ പരിശോധിക്കും. ഇങ്ങനെ സ്വീകരിക്കുന്ന സാമ്പിളുകള്‍ മഞ്ചേരി മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി, മലപ്പുറം ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളില്‍ പരിശോധിക്കും.
 

ചുങ്കത്തറ, എടവണ്ണ, ചേലേമ്പ്ര, കുഴിമണ്ണ, മാറാക്കര, മൂര്‍ക്കനാട്, പുലാമന്തോള്‍, മാറഞ്ചേരി, കീഴാറ്റൂര്‍, വെട്ടത്തൂര്‍, വാഴക്കാട്, ആനക്കയം, മൊറയൂര്‍, പൊന്മള, കല്‍പകഞ്ചേരി, തെന്നല, പറപ്പൂര്‍, തുവൂര്‍, എന്നീ പഞ്ചായത്തുകള്‍, താനൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, വളാഞ്ചേരി, കൊണ്ടോട്ടി എന്നീ നഗരസഭകളിലുമാണ് സര്‍വേ നടത്തുന്നത്. ആരോഗ്യ സ്ഥാപനങ്ങളായ മഞ്ചേരി മെഡിക്കല്‍ കോളജ്, തിരൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, എം.ഇ.എസ് മെഡിക്കല്‍ കോളജ്, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളായ പുറത്തൂര്‍, കാളികാവ്, കുടുംബാരോഗ്യ കേന്ദ്രങ്ങളായ ചാലിയാര്‍, എ.ആര്‍ നഗര്‍, വളാഞ്ചേരി, ഓര്‍ക്കിഡ് ആശുപത്രി മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും, ജില്ലാ പഞ്ചായത്ത്, മലപ്പുറം, പെരിന്തല്‍മണ്ണ നഗരസഭ,  വെട്ടം, വള്ളിക്കുന്ന്, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകള്‍, വേങ്ങര, കോട്ടക്കല്‍, തിരൂര്‍, കൊളത്തൂര്‍, മഞ്ചേരി പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കും. മഞ്ചേരി മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്ക്, നിലമ്പൂര്‍, തിരൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ലാബുകളിലെ റെസിഡുവല്‍ സാമ്പിളുകളിലും പരിശോധന നടത്തും. പരിശോധനയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു.
 

date