Skip to main content

പട്ടികജാതി വിഭാഗത്തിനായി 556.15 കോടിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍

 

പാലക്കാട് ജില്ലയില്‍ 556.15 കോടിയുടെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് പട്ടികജാതി വികസന വകുപ്പ് മുഖേന അഞ്ചുവര്‍ഷക്കാലളവില്‍ നടപ്പാക്കിയത്. ഭൂരഹിതരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന നിര്‍മാണത്തിന് ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം 1985 പേര്‍ക്ക് 77.81 കോടി ചെലവില്‍ ഭൂമിയും, 16,492 ഭവനരഹിതര്‍ക്ക് 138.75 കോടി ചെലവില്‍ വീടും നിര്‍മിച്ചു നല്‍കി. 7262 നിര്‍ധന പട്ടികജാതി വിഭാഗം പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായവും, 681 മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായവുമായി 55.10 കോടി ലഭ്യമാക്കി. 9566 പേര്‍ക്ക് 41.55 കോടിയുടെ ചികിത്സാ ധനസസഹായത്തോടൊപ്പം ദുര്‍ബലവിഭാഗങ്ങള്‍ക്ക് പ്രത്യേക പുനരധിവാസം ഉറപ്പാക്കി. 370 പട്ടികജാതി വിഭാഗക്കാര്‍ക്ക് വിദേശ തൊഴിലിനും, 264 പേര്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിനും 3.59 കോടി ധനസഹായം നല്‍കി. പട്ടികജാതി വകുപ്പിന് കീഴിലുളള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് കെട്ടിടം 44.20 കോടി ചെലവില്‍ നിര്‍മിച്ചു. ബെയ്സ്മെന്റ് ഫ്ളോര്‍, ഗ്രൗണ്ട് ഫ്ളോര്‍, ഒന്ന് രണ്ട് നിലകള്‍ ഉള്‍പ്പെടെ 11353 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മെയിന്‍ ബ്ലോക്ക് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ബേസ്മെന്റ് ഫ്ളോറില്‍ പാര്‍ക്കിങ് സൗകര്യമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, പരീക്ഷ ഹാള്‍, സെന്‍ട്രല്‍ റിസര്‍ച്ച് ലാബ് എന്നിവ ഗ്രൗണ്ട് ഫ്ളോറിലും ഫാര്‍മക്കോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒന്നാം നിലയിലും മൈക്രോബയോളജി, പത്തോളജി, ഫോറന്‍സിക് മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ രണ്ടാം നിലയിലും ക്രമീകരിക്കുന്നുണ്ട്. 50.427 ഏക്കറില്‍ 559.68 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ പ്രോജക്ടാണ് ഗവ. മെഡിക്കല്‍ കോളേജിനായി തയ്യാറാക്കിയിട്ടുള്ളത്.

ജില്ലയിലെ 1474 വിദ്യാര്‍ഥികള്‍ക്ക് 29.48 കോടിയില്‍ പഠനമുറികള്‍, ആറ് വിജ്ഞാന്‍വാടികള്‍, 8106 വിദ്യാര്‍ഥികള്‍ക്ക് ധനസഹായം, 934 പേര്‍ക്ക് ലാപ്ടോപ്പ്, 2328 പേര്‍ക്ക് അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്, 339 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റെതസ്‌കോപ്പ്, 350 വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ വികസന പരിശീലനം എന്നിവ വകുപ്പ് മുഖേന നടന്നു. 142852 വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി സെക്കന്‍ഡറി എയ്ഡ് ധനസഹായം, 160231 വിദ്യാര്‍ഥികള്‍ക്ക് ലംപ്സം ഗ്രാന്റ് എന്നിങ്ങനെ 92.93 കോടിയാണ് വിതരണം ചെയ്തത്. 17 നിയമ വിദ്യാര്‍ഥികള്‍ക്കും 19754 പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും 203 പേര്‍ക്ക് മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ് ധനസഹായത്തിനായി 19.60 കോടി അനുവദിച്ചു നല്‍കി. കൂടാതെ 4.08 കോടിയില്‍ 952 വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യത്തിനായി അലമാര, പുസ്തകങ്ങള്‍ എന്നിവയും 1545 പേര്‍ക്ക് ഗവ. ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പും നല്‍കി. എസ്.സി.എ.ടു.എസ്.സി.എസ്.പി പദ്ധതി പ്രകാരം 339 ഗുണഭോക്താക്കള്‍ക്ക് ധനസഹായം, നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ 13 പേര്‍ക്ക് അപ്രന്റിസ്ഷിപ്പ് പദ്ധതി ധനസഹായം എന്നിവയ്ക്കായി 34.41 ലക്ഷം രൂപ വകുപ്പിലൂടെ അനുവദിച്ചു. ഗാന്ധിഗ്രാമം പദ്ധതി, പട്ടികജാതി കോളനികളുടെ അടിസ്ഥാന വികസനത്തിനുള്ള 235 പദ്ധതികള്‍, പട്ടികജാതി വികസന വകുപ്പിന് കീഴിലെ പാലക്കാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം, നടത്തിപ്പ് എന്നിവയ്ക്കായി വകുപ്പ് 100.59 കോടി രൂപ വിനിയോഗിച്ചു. 31 അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിക്കായി 3.57 കോടി ചെലവില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍ തുടരുന്നു.
 

date