Skip to main content

ഇവര്‍ ഇനി ഭൂമിയുടെ അവകാശികള്‍

 

 

 

  കിടപ്പാടമായ തുണ്ടുഭൂമിയുടെ അവകാശരേഖയ്ക്കായുള്ള പതിറ്റാണ്ടുകള്‍ നീണ്ട അലച്ചിലിന്റെ കഥപറയാനുണ്ട് ചക്കുംകടവ് -ആനമങ്ങാട് പുറമ്പോക്ക് നിവാസികള്‍ക്ക്. തിങ്കളാഴ്ച കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന പട്ടയവിതരണചടങ്ങിനെത്തിയ അവരില്‍ പലരുടെയും കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞിരുന്നു. 40 വര്‍ഷമായി ഇവിടുത്തെ താമസക്കാരായ 31 കുടുംബങ്ങളാണ് ഭൂമിയുടെ അവകാശികളായത്. പട്ടയത്തിനായുള്ള ഇവരുടെ ഓട്ടത്തിന് 30വര്‍ഷത്തോളം പഴക്കമുണ്ട്. സ്വന്തം നിലയിലും ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപവത്കരിച്ചും ഇവര്‍ പലവാതിലുകള്‍ മുട്ടി. പലരെയും കണ്ടു. ജീവിതസായന്തനത്തിലെങ്കിലും ആഗ്രഹം നടന്നുകണ്ടതിന്റെ ആശ്വാസത്തിലാണ് കോളനിയിലെ മുതിര്‍ന്ന തലമുറ. പ്രായത്തിന്റെ അവശതകള്‍ മറന്ന് ഐസാബിയും അബൂബക്കറും ഹംസയും ഇച്ചാമിയും മക്കളും കുഞ്ഞുമക്കളുമൊക്കെയായി ടൗണ്‍ഹാളിലെത്തി. 
  പട്ടയത്തിനായി കാലങ്ങളായി അലഞ്ഞുപ്രതീക്ഷ നശിച്ചിരിക്കുകയായിരുന്നുവെന്ന് 68-കാരനായ അബൂബക്കര്‍ പറഞ്ഞു. തങ്ങളെയും മക്കളെയും ഭൂമിയുടെ അവകാശികളാക്കിയ സര്‍ക്കാരിന് നന്ദി പറയുന്നു. സ്വന്തം ഭൂമിയെന്ന ആഗ്രഹം നടന്നുകാണുന്നതിനു മുന്‍പേ മണ്‍മറഞ്ഞുപോയ പ്രിയപ്പെട്ടവരെക്കൂടി ഈ നിമിഷം ഓര്‍ക്കുന്നതായും അവരുടെ മക്കള്‍ക്കെങ്കിലും ഈ സന്തോഷനിമിഷത്തിന് സാക്ഷിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 ഒളവണ്ണ പഞ്ചായത്തിലെ നാലുസെന്റ് കോളനിയിലെ താമസക്കാരി കാളിയും ഭൂമിയുടെ പട്ടയം നെഞ്ചോടു ചേര്‍ത്തു പിടിച്ചാണ് വീട്ടിലേക്കുമടങ്ങിയത്.  സ്വന്തം ഭൂമിയുടെ അവകാശിയായതില്‍ ഏറെ സന്തോഷമുണ്ടെന്നു 70-കാരിയായ കാളി പറഞ്ഞു. നാല്പതുവര്‍ഷത്തിലേറെയായി കോളനിയിലെ താമസക്കാരാണ് കാളിയും കുടുംബവും.

date