Skip to main content

കെ.എഫ്.സിയില്‍ കേന്ദ്രീകൃത അപ്രൈസല്‍ സംവിധാനം വരും, വായ്പാനിര്‍ദേശങ്ങളില്‍ ഏഴുദിവസത്തിനകം തീരുമാനം -മുഖ്യമന്ത്രി പിണറായി വിജയന്‍

* കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു
    കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ മികച്ച വായ്പാനിര്‍ദേശങ്ങള്‍ കണ്ടെത്താനായി കേന്ദ്രീകൃത അപ്രൈസല്‍ സംവിധാനം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനായി തുടക്കത്തില്‍ കോഴിക്കോട്, എറണാകുളം, കൊല്ലം കേന്ദ്രങ്ങളായി മൂന്നു അപ്രൈസല്‍ ഹബ്ബുകള്‍ രൂപീകരിക്കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ദ്വിദിന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ബിസിനസ് വളരുന്നതിനനുസരിച്ച് കൂടുതല്‍ അപ്രൈസല്‍ ഹബ്ബുകള്‍ ആരംഭിക്കും. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെ ഇവിടെ നിയമിക്കും. വായ്പാനിര്‍ദേശങ്ങള്‍ ചെയര്‍മാന്‍ ആന്റ് എം.ഡിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിച്ച് ഏഴുദിവസത്തിനകം അപേക്ഷകരെ തീരുമാനം അറിയിക്കും. 30 ദിവസത്തിനുള്ളില്‍ വായ്പ അനുവദിക്കുന്നതിനുള്ള സംവിധാനം കെ.എഫ്.സിയില്‍ ഉണ്ടാകും. പുതിയ സംരംഭകര്‍ക്ക് റിസ്‌ക് റേറ്റിംഗ് വഴിയാണ് പലിശ നിശ്ചയിക്കുന്നത്. മികച്ച റേറ്റിംഗ് ലഭിക്കുന്നവര്‍ക്കായിരിക്കും വായ്പ അനുവദിക്കുക. അടച്ചുതീര്‍ക്കല്‍ ശേഷിയാണ് ലോണ്‍ അനുവദിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം.
    ഇതോടൊപ്പം സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്‌സാഹിപ്പിക്കാന്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ 10 ലക്ഷം വരെ ലളിത വ്യവസ്ഥകളോടെ കുറഞ്ഞനിരക്കില്‍ വായ്പ ലഭ്യമാക്കും. തുടക്കക്കാര്‍ക്ക് അതൊരു ആശ്വാസമാകും. അവര്‍ വ്യവസായം വളര്‍ത്തി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പന്നം വിപണനം ചെയ്യുാന്‍ തുടങ്ങുകയും പര്‍ച്ചേസ് ഓര്‍ഡര്‍ കിട്ടുകയും ചെയ്യുമ്പോള്‍ ഒരുകോടി രൂപ വരെ വായ്പ നല്‍കും. പര്‍ച്ചേസ് ഓര്‍ഡര്‍ ഇ ഫൈനാന്‍സ് സ്‌കീം എന്ന രീതിയില്‍ ഒരു പദ്ധതിയും ഇതിന്റെ ഭാഗമായുണ്ട്.
    സംസ്ഥാനത്ത് ആദ്യമായി വെഞ്ച്വര്‍ ഡെബ്റ്റ് സ്‌കീമും നടപ്പാക്കുന്നു. വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം നേടിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഈ പദ്ധതി ഗുണം ചെയ്യുക. ഇതുവഴി കമ്പനി പലിശ ഉള്‍പ്പെടെ തിരിച്ചടച്ചാല്‍ മതി. മറ്റ് ബാധ്യതകളില്ല. രണ്ടു പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. അത്രമേല്‍ വിശ്വാസം കെ.എഫ്.സിയില്‍ സര്‍ക്കാര്‍ അര്‍പ്പിക്കുകയാണ്. 
    വായ്പയുടെ പലിശനിരക്ക് കുറയ്ക്കുന്ന നടപടി പ്രധാനപ്പെട്ടതാണ്. 14 മുതല്‍ 16 ശതമാനം വരെയായിരുന്നു പി.എല്‍.ആര്‍ ക്രമത്തില്‍ കണക്കാക്കുന്ന പലിശ. എന്നാല്‍ കൃത്യമായ തിരിച്ചടവുണ്ടെങ്കില്‍ പലിശ കുറയ്ക്കും.
    ഇതിന് മാറ്റം വന്ന് ജൂണ്‍ മുതല്‍ ബേസ് റേറ്റ് സംവിധാനത്തിലേക്ക് മാറ്റി 9.5 ശതമാനം പലിശയാക്കിയിട്ടുണ്ട്. സംരംഭകരെ അവരുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ പലിശ നിശ്ചയിക്കുന്ന സ്ഥിതിയാണിനി. സ്വാഭാവികമായും കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സഹായിക്കും.
    മികച്ച സംരംഭകര്‍ കെ.എഫ്.സിയുമായി ബന്ധപ്പെടുന്ന ഇടവരുമ്പോള്‍ അവരുടെ വായ്പാനിര്‍ദേശങ്ങള്‍ പഠിക്കാന്‍ മതിയായ സംവിധാനങ്ങള്‍ ഉണ്ടാകണം. ഇല്ലെങ്കില്‍ കെ.എഫ്.സിക്ക് വീണ്ടും വിനയാകും.
    പലിശനിരക്ക് കുറയ്ക്കുമ്പോള്‍ വരുമാനത്തില്‍ ഇടിവുണ്ടാകും. അതിനാല്‍, കെ.എഫ്.സി എടുക്കുന്ന വായ്പകള്‍ക്ക് പലിശ കുറവ് ലഭ്യമാകേണ്ടതുണ്ട്. ഇതിനായി സ്ഥാപനത്തിന്റെ റേറ്റിംഗ് ഇനിയും മികച്ചതാക്കാനായാല്‍ കുറഞ്ഞ നിരക്കില്‍ ഫണ്ട് ലഭിക്കും. അപ്പോള്‍ കെ.എഫ്.സിയുടെ പലിശഭാരം കുറഞ്ഞ് ലാഭം കൂടും. നല്ല സംരംഭകരെ ആകര്‍ഷിക്കാന്‍ ശക്തമായ മാര്‍ക്കറ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തണം.
    നിലവില്‍ 2500 കോടി രൂപയാണ് വായ്പാ ആസ്തി. ഇത് അടുത്ത മൂന്നുവര്‍ഷം കൊണ്ട് ഇരട്ടിയാക്കുകയാണ് ലക്ഷ്യം. അതിനായി 1500 കോടിയുടെ പുതിയ നല്ല വായ്പകളെങ്കിലും വര്‍ഷം തോറും അനുവദിക്കേണ്ടിവരും. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ സംഘടിപ്പിക്കുന്ന അദാലത്ത് കൂടുതല്‍ ഇളവുകളോടെ വായ്പ തീര്‍പ്പാക്കാന്‍ അവസരവും നല്‍കും. ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കാത്തതും സ്ഥാപനത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതുമായ നടപടികളിലൂടെ കെ.എഫ്.സിക്ക് മുന്നോട്ടുനീങ്ങാനാകും.
    കേന്ദ്രത്തിന്റെ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് ഓഫ് ഇന്ത്യ ഇപ്പോള്‍ കെ.എഫ്.സി പോലുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പരിഗണന ലഭിക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കേണ്ടതുണ്ട്.
    കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് നല്ലൊരു ചാലക ശക്തിയായി പ്രവര്‍ത്തിക്കാന്‍ കെ.എഫ്.സിക്ക് കഴിയും. പ്രതിസന്ധിയിലായ ഘട്ടത്തില്‍ കെ.എഫ്.സിയെ  അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ 150 കോടി രൂപ അനുവദിച്ചിരുന്നു. കിട്ടാക്കടം 60 ശതമാനമായിരുന്നത് നാലുശതമായി കുറയ്ക്കാനുമായി. ഇത്തരം സര്‍ക്കാര്‍ ഇടപെടലിലൂടെ രാജ്യത്തെ തന്നെ മികച്ചയൊരു ധനകാര്യ സ്ഥാപനമായി കെ.എഫ്.സി മാറി. എങ്ങനെ സ്ഥാപനം പ്രതിസന്ധിയിലായി എന്ന പഴയ കാര്യങ്ങള്‍ മനസിലുണ്ടാകണം. അത് മനസിലാക്കി ജാഗ്രത പുലര്‍ത്തിയാല്‍ ഭാവിയില്‍ ഗുണം ചെയ്യും.
    ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആവിഷ്‌കരിച്ചത് നല്ല പദ്ധതിയാണ്. ഇപ്പോള്‍ അദാലത്തില്‍ 500 ഓളം സംരംഭകര്‍ക്ക് ഇളവുകള്‍ നല്‍കി തീര്‍പ്പാക്കുന്നുണ്ട്. ഇത്തരത്തില്‍ കിട്ടാക്കടത്തിന്റെ തോത് കുറയുന്നത് കെ.എഫ്.സിയുടെ ശേഷി വര്‍ധിപ്പിക്കാനും മികച്ച സംരംഭകര്‍ക്ക് വായ്പ നല്‍കാനുവാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
    മികച്ച ഇടപാടുകാര്‍ക്കുള്ള ഗോള്‍ഡ് കാര്‍ഡ് വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. പലിശനിരക്കിന്റെ പരിഷ്‌കരണത്തിലൂടെ പുതിയ വായ്പക്കാര്‍ക്ക് മാത്രമല്ല പഴയ വായ്പക്കാര്‍ക്കും ഗുണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. എത്ര ഡിവിഡന്റ് സര്‍ക്കാരിന് നല്‍കുന്നു എന്നതിനപ്പുറം എത്ര വ്യവസായങ്ങളെ പ്രോത്‌സാഹിപ്പിക്കാന്‍ കഴിയുന്നു എന്ന തരത്തിലാകും കെ.എഫ്.സിയെ വിലയിരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
    ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി എന്നിവര്‍ സംസാരിച്ചു. കെ.എഫ്.സി സി.എം.ഡി സഞ്ജീവ് കൗശിക് സ്വാഗതവും ജനറല്‍ മാനേജര്‍ പ്രേംനാഥ് രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു.
പി.എന്‍.എക്‌സ്.1716/18

 

date