അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആസ്വാദകരുടെ കയ്യടി ഏറ്റുവാങ്ങി സെന്ന ഹെഗ്‌ഡെയുടെ ' തിങ്കളാഴ്ച നിശ്ചയം'
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആസ്വാദകരുടെ കയ്യടി ഏറ്റുവാങ്ങി സെന്ന ഹെഗ്‌ഡെയുടെ ' തിങ്കളാഴ്ച നിശ്ചയം'
കന്നഡയിലെ പ്രമുഖ സിനിമ നിർമാതാക്കളായ പുഷ്കർ ഫിലിംസ് മലയാളത്തിൽ ആദ്യമായി നിർമ്മിച്ച 'തിങ്കളാഴ്ച നിശ്ചയം' എന്ന മലയാള സിനിമ 25-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ പ്രദർശിപ്പിച്ചു.
രാഷ്ട്രീയം അടക്കം ഹാസ്യത്തിൽ ചാലിച്ച് ഒരുക്കിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. സിനിമയിലെ കാഞ്ഞങ്ങാട് ഭാഷാ ശൈലി പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നു.
നൂറ്റിയെട്ടു മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ സംവിധാനം സെന്ന ഹെഗ്‌ഡെയാണ്.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രവേശനം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് സിനിമയുടെ അണിയറപ്രവർത്തകർ. അന്താരാഷ്ട്ര മേളയിൽ പ്രവേശനം ലഭിക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകൻ പറഞ്ഞു. കൊച്ചിയിലെ മേളയിൽ സിനിമക്ക് ലഭിച്ച മികച്ച പ്രതികരണം ചിത്രം തിയേറ്ററുകളിൽ എത്തുമ്പോൾ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചിത്രത്തിൽ അഭിനയിച്ച സുനിൽ സൂര്യ പറയുന്നു.
ഒരു വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ഒട്ടനവധി പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിച്ച ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം.
മനോജ് കെ യു, സുനിൽ സൂര്യ അജിഷ ഉണ്ണിമായ, അർപ്പിത്, അനഘ നാരായണൻ, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
കാസർകോട് ജില്ലയിലെ അട്ടയങ്ങാനം എന്ന സ്ഥലത്ത് 23 ദിവസത്തോളമെടുത്താണ്
സിനിമ ചിത്രീകരിച്ചത്.
- Log in to post comments