ആവേശം പകർന്ന് 'കന്നി ' കാണികൾ
എറണാകുളം: രാജ്യാന്തര ചലച്ചിത്രമേള കൊച്ചിയിൽ ആവേശം വിതറുമ്പോൾ നിറഞ്ഞ പ്രതീക്ഷയിലാണ് 'കുട്ടി' ഡെലിഗേറ്റ്സുകൾ. ആദ്യമായി ചലച്ചിത്ര മേളയിൽ പങ്കുചേരുന്ന ഇവർക്ക് തുണയായത് മേള കൊച്ചിയിലേക്കെത്തിയതു തന്നെ. കൊച്ചിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് കന്നി കാണികളിൽ ഏറെയും.
കൊച്ചിയിൽ മേളവന്നതുകൊണ്ടു മാത്രമാണ് ഭാഗമാകാൻ കഴിഞ്ഞതെന്ന് മാധ്യമ വിദ്യാർത്ഥിയായ സരൻ പറയുന്നു. പുതിയൊരു അനുഭവമാണ് ലഭിക്കുന്നത്. മികച്ച ലോക സിനിമകൾ കാണാൻ കഴിഞ്ഞു. ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളി കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായെന്നും സരൻ.
ഇത്രയും അടുത്ത് ലഭിച്ച അവസരം ഏറ്റവും നന്നായി ഉപയോഗിക്കാനാണ് തീരുമാനമെന്ന് വിദ്യാർത്ഥിനി അശ്വതി. ഇനി ഇതുപോലൊന്ന് ലഭിക്കില്ല. സിനിമയോടൊപ്പം സിനിമാപ്രവർത്തകരെയും അടുത്തറിയാൻ കഴിഞ്ഞു. ചുരുങ്ങിയ ദിവസത്തിൽ ഇത്രയധികം സിനിമകൾ കാണുന്നത് ആദ്യമായാണ്. കിം കിം ഡുകിനെപ്പോലുള്ള ലോക സംവിധായകരെപ്പറ്റി വായിച്ചറിഞ്ഞ അറിവാണുള്ളത്. അദ്ദേഹത്തിൻ്റെ സിനിമ വലിയ സ്ക്രീനിൽ കാണാൻ കഴിഞ്ഞതും ഭാഗ്യമാണ്. ഇന്ത്യൻ സിനിമകൾ പലതും മറച്ചുവയ്ക്കുമ്പോൾ എല്ലാം തുറന്നു പറയുന്ന ലോക സിനിമകൾ ആസ്വദിക്കാനുള്ള അവസരമാണ് കൊച്ചിയിലെ പുതിയ തലമുറക്ക് മേളയിലൂടെ ലഭിച്ചതെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികൾക്കായി ചലച്ചിത്ര അക്കാദമി ഇളവുകളും നൽകിയിരുന്നു. പ്രത്യേക പാസും ഒരുക്കി. 400 രൂപയാണ് വിദ്യാർത്ഥികളുടെ പാസിന് ഈടാക്കിയത്
- Log in to post comments