Skip to main content

ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് തനത് പദ്ധതികൾക്ക്  പ്രാമുഖ്യം നൽകണം: ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

ജില്ലാ പഞ്ചായത്ത് തന്നത് പദ്ധതികൾക്ക്  പ്രാമുഖ്യം നൽകണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ ഓൺലൈനായി സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, പച്ചത്തുരുത്ത് പോലുള്ള സംയോജിത പദ്ധതികൾക്ക് പരിഗണന നൽകണമെന്ന് മന്ത്രി നിർദേശിച്ചു. സ്‌കൂൾ കുട്ടികൾക്ക് ലാപ്‌ടോപ്പ് നൽകുന്ന വിദ്യാശ്രീ പോലുള്ള പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് മുൻകൈയെടുക്കണം. ദീർഘകാല കാഴ്ചപ്പാടോടെയുള്ള പദ്ധതികൾ തയ്യാറാക്കണമെന്നും മന്ത്രി നിർദേശിച്ചു. 

ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തടസമാകുന്ന കുരുക്ക് അഴിക്കാൻ നിയമ നിർമാണം ഉൾപ്പെടെ നടപടികൾ ആവശ്യമാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് കെ. കുഞ്ഞിരാമൻ എംഎൽഎ പറഞ്ഞു. ജനകീയാസൂത്രണം കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ സാഹര്യത്തിൽ പ്രാദേശിക വികസനത്തിൽ നേരിടുന്ന പ്രതിസന്ധികൾ ഗൗരവമായി പരിശോധിക്കണമെന്നും എംഎൽഎ പറഞ്ഞു. 

കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് സഹായകമായ പദ്ധതികൾക്ക് രൂപം നൽകണമെന്ന് എം.സി. ഖമറുദ്ദീൻ എംഎൽഎ നിർദേശിച്ചു. ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. എസ് എം വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഗീത കൃഷ്ണൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ. ശകുന്തള, അഡ്വ. എസ്.എൻ. സരിത, ഷിനോജ് ചാക്കോ, മെമ്പർ സി.എസ്. സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ നന്ദിയും പറഞ്ഞു. വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ ചർച്ച ക്രോഡീകരിച്ച് കെ. ബാലകൃഷ്ണൻ സംസാരിച്ചു.

date