Skip to main content

നഗരങ്ങളെ കാര്‍ഷികവല്‍ക്കരിച്ചു : മന്ത്രി വി എസ് സുനില്‍കുമാര്‍ വിള ആരോഗ്യപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

നഗരങ്ങളെ കാര്‍ഷികവല്‍ക്കരിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കഴിഞ്ഞ അഞ്ച് വര്‍ഷമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. വില്‍വട്ടം കൃഷിഭവനിലെ വിള ആരോഗ്യപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിനെ ആരോഗ്യകരമായി നിലനിര്‍ത്തി ശാസ്ത്രീയമായി കൃഷി ചെയ്താന്‍ ഉത്പാദന ചെലവ് കുറച്ച് വിള ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വില്‍വട്ടം കൃഷിഭവനില്‍ വിള ആരോഗ്യപരിപാലന പദ്ധതി പ്രകാരം വിള ആരോഗ്യപരിപാലന ക്ലിനിക്ക് എന്ന കര്‍ഷകരുടെ സ്വപ്‌നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ വിളകളുടെ കീടരോഗബാധ കണ്ടുപിടിക്കാനും പരിഹാരമാര്‍ഗം തയ്യാറാക്കാനും വിള ആരോഗ്യ പരിപാലനകേന്ദ്രം കര്‍ഷകര്‍ക്ക് സഹായകരമാകും. മണ്ണിന്റെ മൂലകങ്ങളുടെ ലഭ്യത പരിശോധിക്കാന്‍ മണ്ണ് പരിശോധനാ ലാബും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. വിള പരിപാലനത്തിനായി സാങ്കേതിക വിദ്യകള്‍ സമയബന്ധിതമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ക്ലിനിക്കിന്റെ ഉദ്ദേശം. സുഭിക്ഷ നഗരം കാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഗ്രോബാഗ് വിതരണോദ്ഘാടനവും ഹൈസെക്യൂരിറ്റി ജയിലിലേക്ക് ഇടവിള കിറ്റ് വിതരണോദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. 

വില്‍വട്ടം കൃഷിഭവനില്‍ നടന്ന പരിപാടിയില്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ജില്ലാ കൃഷി ഓഫീസര്‍ കെ മിനി, ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി സി സത്യവര്‍മ്മ, കൃഷി ഓഫീസര്‍ ജി കവിത, കണ്‍സിലര്‍മാരായ വില്ലി ജിജോ, ഐ സതീഷ് കുമാര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date